കോഴിക്കോട്: അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പരുകൾ അനുവദിക്കുന്ന കോഴിക്കോട് കോര്പ്പറേഷന്, വന്‍കിട ഫ്ലാറ്റ് നിര്‍മാതാക്കളുടെ ചട്ടലംഘനങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നു. വാഗ്ദാന ലംഘനം ആരോപിച്ച് ഉപഭോക്താക്കള്‍ പരാതി നല്കിയ കോഴിക്കോട്ടെ പെന്റഗണ്‍ ഫ്ളാറ്റിന്റെ ബില്‍ഡര്‍ക്കാണ് കോര്‍പറേഷനില്‍ നിന്ന് വഴിവിട്ട സഹായം ലഭിക്കുന്നത് . പാര്‍ക്കിംഗ് ഏരിയ അടക്കമുളള കോമണ്‍ ഏരിയ, ലിവിംഗ് ഏരിയയുടെ ഭാഗമെന്ന നിലയില്‍ കോര്പറേഷന് ക്രമപ്പെടുത്തി നല്‍കിയതിന്റെ രേഖകള്‍ പുറത്ത് വന്നു.
കാമ്പുറം ബീച്ചിന് സമീപത്തെ, പെന്റഗൺ ബിൾഡേഴ്സിന്റെ സീ ഷെൽ ഫ്ലാറ്റ് സമുച്ചയം. ഇതിന്റെ പാർക്കിംഗ് ഏരിയ, ഓഫീസ് സ്പേസ് എന്ന് കണക്കാക്കിയാണ് കോർപറേഷനിൽ നികുതി അടച്ചിരിക്കുന്നത്. കെട്ടിടം പൂർത്തിയായപ്പോൾ തന്നെ പാർക്കിംഗ് ഏരിയയ്ക്ക് അടക്കം നികുതി അടച്ചതാണ്. ഫ്ലാറ്റ് നിർമാതാവിന്റെ ഈ നടപടി ചട്ടവിരുദ്ധമാണെന്ന് താമസക്കാർ ആരോപിക്കുന്നത്. നൽകിയ പണത്തിന് അനുസരിച്ചുള്ള ചതുരശ്ര അടി ഫ്ലാറ്റുകൾക്ക് ഇല്ലെന്ന് ചൂണ്ടിക്കാട്ടി ബിൾഡർക്കെതിരെ താമസക്കാർ നേരത്തെ തന്നെ കേസ് കൊടുത്തിരുന്നു . അത് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.
പാർക്കിംഗ് ഏരിയ കൂടി ചേർത്ത്, മതിയായ വിസ്തീര്‍ണം ഉണ്ടെന്ന് കാട്ടി, കേസിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണ് ചട്ടവിരുദ്ധമായ നികുതി അടയ്ക്കൽ എന്നാണ് ഉയരുന്ന ആക്ഷേപം.എന്നാൽ നിയമപരമായി തന്നെയാണ് നികുതി അടച്ചതെന്ന് ഫ്ലാറ്റ് നിർമാതാക്കൾ വിശദീകരിച്ചു. ചട്ടവിരുദ്ധമായി നികുതി അടച്ചെന്ന ആക്ഷേപത്തിൽ, പക്ഷെ കോർപ്പറേഷൻ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.