കോഴിക്കോട്: പി.ജി വിദ്യാർഥികളുടെ പരീക്ഷക്കായി മെഡിക്കൽ കോളേജിലെ രോഗികളെ വരാന്തയിലേക്ക് മാറ്റിയതായി പരാതി. ഓർത്തോപീഡിക് പത്താം വാർഡിലെ രോഗികളെയാണ് ഇത്തരത്തിൽ മാറ്റിയത്. രോഗികളുടെ കൂട്ടിരിപ്പുകാരെ വ്യാഴാഴ്ച രാവിലെയോടെ തന്നെ പുറത്തേക്കയച്ചിരുന്നു.
ഇതിനുശേഷമാണ് രോഗികളെ വരാന്തയിലേക്ക് മാറ്റിയത്. ഇതേതുടർന്ന്, അപകടത്തിൽ പരിക്കേറ്റ് കിടക്കുന്ന രോഗികളും ശസ്ത്രക്രിയ കഴിഞ്ഞവരും പരസഹായം ആവശ്യമുള്ള രോഗികളും അടക്കമുള്ളവർ ബുദ്ധിമുട്ടിലായി.എന്നാൽ പി.ജി വിദ്യാർഥികളുടെ പരീക്ഷയ്ക്കായി കുറച്ചുസമയത്തേക്ക് മാത്രമാണ് മാറ്റിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.