പത്തുവയസുകാരിയെ പീഡിപ്പിക്കാനും കൊലപ്പെടുത്താനും ശ്രമിച്ച കേസിലെ പ്രതിക്ക് 15 വര്‍ഷവും ഒന്‍പത് മാസവും കഠിനതടവ്

വീട്ടില്‍ അതിക്രമിച്ചു കയറി പത്തുവയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാനും കൊലപ്പെടുത്താനും ശ്രമിച്ച പ്രതിക്ക് 15 വര്‍ഷവും ഒന്‍പത് മാസവും കഠിനതടവിന് കോടതി ശിക്ഷിച്ചു.വലപ്പാട് ചാമക്കാല സ്വദേശി നിഖില്‍ എന്ന ചെപ്പുവിനെയാണ് തൃശൂര്‍ ഒന്നാം അഡിഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. പീഡനശ്രമത്തിനിടെ പെണ്‍കുട്ടി ബഹളം വെച്ചതോടെ ഇയാള്‍ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. 2010ല്‍ തൃശൂര്‍ നാട്ടികയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തടവ് അനുഭവിക്കുന്നതിന് പുറമെ ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. കേബിള്‍ വരിസംഖ്യ പിരിക്കാന്‍ എന്ന പേരില്‍ വീട്ടിലെത്തിയ പ്രതി നാലാം ക്ലാസില്‍ പഠിച്ചിരുന്ന കുട്ടിയെയാണ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. കുതറി രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടിയെ തോര്‍ത്ത് കൊണ്ട് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിക്കുകയും കത്തികൊണ്ട് വയറ്റില്‍ കുത്തുകയും ചെയ്തിരുന്നു .നിഖിലിന്റെ ക്രൂരമായ ആക്രമണത്തില്‍ ചോരയൊലിപ്പിച്ച്‌ കിടന്ന കുട്ടിയെ വീട്ടില്‍ കളിക്കാനെത്തിയ കൂട്ടുകാരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് മുതിര്‍ന്നവരെ വിവരം അറിയിച്ച്‌ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Leave A Reply