ആലപ്പുഴ: മണ്ണഞ്ചേരിയിൽ നിന്നും മയക്കുമരുന്ന് പിടികൂടിയ കേസിൽ മുഖ്യപ്രതി പോലീസ് പിടിയിൽ. ആലുവ കീഴ്മാട് കോതേലിപ്പറമ്പ് സുധീഷിനെയാണ് (40) 103 ഗ്രാം എം.ഡി.എം.എയും 1.560 കിലോ കഞ്ചാവും 385 ഗ്രാം ഹഷീഷ് ഓയിലുമായി ജില്ല ലഹരിവിരുദ്ധ സ്ക്വാഡും മണ്ണഞ്ചേരി പോലീസും ചേർന്ന് പിടികൂടിയത്. മൊത്തം 10 ലക്ഷം രൂപയുടെ മയക്കുമരുന്നാണ് എവിടെ നിന്നും സംഘം പിടികൂടിയത്.കൂടാതെ സുധീഷിന്റെ വീട്ടിൽ നിന്ന് മൂന്ന് വടിവാളും 17000 രൂപയും കണ്ടെടുത്തു.
സൂര്യനഗർ ഭാഗത്ത് കഞ്ചാവുകച്ചവടമുണ്ടെന്ന് പോലീസിനോട് പരാതി പറഞ്ഞ സ്ത്രീയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയാണ് ഇയാൾ.യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യംവെച്ച് എം.ഡി.എം.എ, എൽ.എസ്.ഡി, കഞ്ചാവ്, ഹഷീഷ് ഓയിൽ തുടങ്ങിയവ എത്തുന്നതായി ആലപ്പുഴ ജില്ല പൊലീസ് മേധാവി ജി. ജയദേവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈ.എസ്.പി ജയരാജിന്റെ നേതൃത്വത്തിലുള്ള മണ്ണഞ്ചേരി ഐ.എസ്.എച്ച്.ഒ മോഹിത്, സൈബർ സെൽ എന്നിവർ ഉൾപ്പെട്ട പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. ആലപ്പുഴ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.