കെട്ടിട നികുതിയുടെ പരിധിയിൽ ചെറിയ വീടുകൾ കൂടി

തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന കെട്ടിട നികുതിയുടെ പരിധിയിൽ ചെറിയ വീടുകൾ കൂടി കൊണ്ടുവരാനുള്ള സർക്കാർ തീരുമാനം നടപ്പാകുന്നതോടെ ഏറ്റവും കുറഞ്ഞ വാർഷിക നിരക്ക് 75 രൂപയാകും. 50 ചതുരശ്ര മീറ്ററിനു (538 ചതുരശ്ര അടി) മുകളിലുള്ള വീടുകളെ നികുതിയുടെ പരിധിയിൽ കൊണ്ടുവരാനാണു മന്ത്രിസഭ തീരുമാനിച്ചത്. ആറാം സംസ്ഥാന ധനകാര്യ കമ്മിഷന്റെ രണ്ടാം റിപ്പോർട്ടിലെ ശുപാർശകൾ അംഗീകരിച്ചാണിത്. നിലവിൽ 60 ചതുരശ്ര മീറ്ററിൽ (645 ചതുരശ്ര അടി) കൂടുതൽ വിസ്തീർണമുള്ള വീടുകൾക്കാണ് നികുതി നൽകേണ്ടത്.

നിലവിൽ വീടുകൾക്ക് ചതുരശ്ര മീറ്ററിന് പഞ്ചായത്തുകളിൽ 3 രൂപ മുതൽ 8 രൂപ വരെയും നഗരസഭകൾക്ക് 6 മുതൽ 15 രൂപ വരെയും കോർപറേഷനുകളിൽ 8 മുതൽ 20 രൂപ വരെയും ആണ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. അതതു സ്ഥാപനങ്ങളിലെ ഭരണസമിതികൾക്ക് ഈ പരിധിക്കകത്തു നിന്നു തുക നിശ്ചയിക്കാം. 50 ചതുരശ്ര മീറ്ററിനും 60 ചതുരശ്ര മീറ്ററിനു ഇടയിലുള്ള വീടുകൾക്ക് സാധാരണ നിരക്കിന്റെ പകുതിയായിരിക്കും കെട്ടിട നികുതി ഈടാക്കുക എന്നു സർക്കാർ വ്യക്തമാക്കിയിട്ടുള്ളതിനാൽ തുക വീണ്ടും കുറയും.

കഴിഞ്ഞ ഏപ്രിൽ 1 മുതൽ നിർമിച്ച 3000 ചതുരശ്ര അടിയിൽ കൂടുതൽ തറ വിസ്തീർണമുള്ള വീടുകൾക്ക് അടിസ്ഥാന നികുതിയുടെ 15% തുക അധിക നികുതി നൽകണം. തറ പാകുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഇനം പരിഗണിക്കാതെയാണു നികുതി ഈടാക്കുക.

Leave A Reply