നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിൽ റെക്കോഡ് വിജയം; പ്രത്യുഷക്കിത് അഭിമാന നിമിഷം

എറണാകുളം: അപ്രതീക്ഷിതമായ ഒരു സംഗമമായിരുന്നു, എല്ലാവരും ഇപ്പോൾ ഒൻപതാം ക്ലാസുകാർ. വിജയത്തിന്റെ സന്തോഷത്തോടൊപ്പം തയ്യാറെടുപ്പിനായി ചിലവഴിച്ച സമയത്തിന്റെ ഓർമയും അവർ പങ്കിട്ടു. ജില്ലയിലെ സർക്കാർ സ്കൂളുകളിൽ നിന്ന് നാഷണൽ മീൻസ് കം മെറിറ്റ് പരീക്ഷയിൽ വിജയം നേടിയ 84 വിദ്യാർത്ഥികൾ ഒന്നിക്കുമ്പോൾ ജില്ലാ ഭരണകൂടത്തിനും വിദ്യാഭ്യാസ വകുപ്പിനും ഒപ്പം എൻസ്‌കൂൾ ലേണിംഗിലെ പ്രവർത്തർക്കും പെട്രോനെറ്റ് എൽ എൻ ജിയിലെ ഉദ്യോഗസ്ഥർക്കും ഒരു പോലെ അഭിമാനം. ജില്ലയിലെ സർക്കാർ സ്കൂളുകളിൽ നടപ്പാക്കിയ പ്രത്യുഷ പദ്ധതിയിലൂടെ വിജയം നേടിയവർ ആണ് വിജ യാഘോഷത്തിനായി തൃപ്പൂണിത്തുറ ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഒന്നിച്ചു ചേർന്നത്. വിജയികൾക്ക് അഭിനന്ദനമറിയിക്കാൻ ജില്ലാ കളക്ടർ ജാഫർ മാലിക്കും നേരിട്ടെത്തി.

വിജയികളായ കുട്ടികൾക്ക് പുരസ്‌കാരവും സ്കൂളുകളിലെ നോഡൽ അധ്യാപകർക്ക് സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ജില്ലയിലെ സർക്കാർ സ്കൂളുകളിലെ കുടുംബ വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയുള്ള വിദ്യാർത്ഥികളെ ദേശീയ മത്സര പരീക്ഷയിൽ വിജയത്തിലെത്തിക്കുക എന്ന ലക്ഷ്യത്തിൽ ആണ് പ്രത്യുഷ പദ്ധതി ആവിഷ്കരിച്ചത്. പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളിൽ പെട്ടവർക്ക് മുൻഗണന നൽകിയിരുന്നു. പെട്രോനെറ്റ് എൽ എൻ ജി യുടെ സാമ്പത്തിക സഹായത്തിൽ എൻസ്ക്കൂൾ ലേണിംഗ് ആണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്. പൂർണമായും ഓൺലൈൻ ആയാണ് പരിശീലനക്ലാസുകൾ നടത്തിയത്. പരിശീലനം ഉറപ്പാക്കുന്നതിനായി സ്കൂൾ തലത്തിൽ നോഡൽ അധ്യാപകരെയും നിയമിച്ചിരുന്നു.

ജില്ലയിലെ എല്ലാ സർക്കാർ സ്കൂളുകളിലെയും വിദ്യാർത്ഥികൾ പരിശീലനത്തിൽ ഉൾപ്പെട്ടിരുന്നു. ജില്ലയിലെ 13 സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾ ആദ്യമായി നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിൽ യോഗ്യത നേടി.ഈ അധ്യയന വർഷത്തിലും പ്രത്യുഷ പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എൻസ്‌ക്കൂൾ ലേണിംഗ് സി.ഇ. ഒ മുഹമ്മദ് യാസീൻ പറഞ്ഞു. നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് പുറമെ നാഷണൽ ടാലെന്റ് സെർച്ച്‌ പരീക്ഷകൾക്കും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക എന്നതാണ്പ്രത്യുഷ രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യം.പ്രത്യുഷ 2.0 യുടെ ലോഗോ ചടങ്ങിൽ ജില്ലാ കളക്ടർ പ്രകാശനം ചെയ്തു.

Leave A Reply