കാക്കനാട്: എക്സിബിഷനുകള്‍ക്കും ട്രേഡ് ഫെയറുകള്‍ക്കും സ്ഥിരം വേദി ഒരുക്കുകയാണ് ഇന്റര്‍നാഷണല്‍ എക്സിബിഷന് കം കണ്വെന്ഷന് സെന്ററിലൂടെ (ഐ.ഇ.സി.സി) ലക്ഷ്യമിടുന്നത്. സംസ്ഥാനത്തു പൊതു മേഖലയില്‍ നിര്‍മിക്കുന്ന ആദ്യ അന്താരാഷ്ട്ര എക്സിബിഷന് കം കണ്വെന്ഷന് സെന്ററാണ് കാക്കനാട് വരുന്നത്. 2023 നവംബര്‍ ഒന്നിന് മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കിന്‍ഫ്രയുമായി സഹകരിച്ച് പത്ത് ഏക്കറില്‍ 90 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ലോകോത്തര മാതൃകയില്‍ ഒരുക്കുന്ന എക്സിബിഷന് കം കണ്വെന്ഷന് സെന്ററിന്റെ സവിശേഷതകളാണ് 60000 ചതുരശ്ര അടി വിസ്തൃതിയില്‍ എക്സിബിഷന് ഹാള്‍, അത്യാധുനിക നിലവാരത്തിലുള്ള 662 പേര്‍ക്ക് ഇരിക്കാവുന്ന കണ്വെന്ഷന് സെന്റര്‍, 300 പേര്‍ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാവുന്ന ഡൈനിംഗ് ഹാള്‍, കഫറ്റേരിയ, 194.1 ചതുരശ്ര അടിയിലെ യൂട്ടിലിറ്റി ഏരിയ തുടങ്ങിയവ.
ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ് വേയില്‍ ഇന്‍ഫോപാര്‍ക്ക് സൗത്ത് ഗേറ്റിന് സമീപമാണ് എക്സിബിഷന് കം കണ്വെന്ഷന് സെന്റര്‍ നിര്‍മ്മിക്കുന്നത്. സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ നിന്നും രണ്ട് കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്. സംസ്ഥാനത്തെ കാര്‍ഷിക, വ്യവസായ, വാണിജ്യ മേഖലകളില്‍ പുത്തന്‍ ആശയങ്ങള്‍ക്കും, കൂട്ടായ്മകള്‍ക്കും വേദിയാവുന്നതോടൊപ്പം രാജ്യാന്തര – അന്താരാഷ്ട്ര നിലവാരത്തില്‍ പുത്തന്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതി വഴി സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.