വിദ്യാർത്ഥികൾക്ക് ഊണ് വിളമ്പിയും ഒപ്പമുണ്ടും കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ

വൈപ്പിൻ: ഉച്ചയൂണിന് വിളമ്പാനെത്തിയ എംഎൽഎയെ കണ്ടു വിദ്യാർത്ഥികൾ ഒരുവേള ഒന്നമ്പരന്നു. പിന്നെ അത് സന്തോഷാരവങ്ങൾക്കും കളിചിരിയാവേശത്തിനും വഴിമാറി. ചെറായി രാമവ൪മ്മ യൂണിയൻ ഹൈസ്‌കൂളിലെ ഉച്ചനേരമാണ് കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ അപ്രതീക്ഷിത സന്ദർശനത്തിലൂടെ ആഹ്ളാദഭരിതമായത്.

തുടർന്ന് എംഎൽഎ കുട്ടികളോടൊപ്പം ഭക്ഷണം കഴിക്കുകയും വിവരാന്വേഷണങ്ങൾ നടത്തുകയും ചെയ്‌തത് കുട്ടികളും അധ്യാപകരും ചേർന്ന് ആഘോഷമാക്കി മാറ്റി. സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതി നേരിൽ കണ്ട് വിലയിരുത്താനാണ് കെ എൻ ഉണ്ണിക്കൃഷ്ണൻ എ൦എൽഎ എത്തിയത്.
സ്‌കൂളിന്റെ സുസ്ഥിതിക്ക് ആവശ്യമായതെല്ലാം ചെയ്യുമെന്നും ചാലഞ്ച് ഫണ്ടിന്റെ 50% ലഭ്യമാക്കുമെന്നും കെ എൻ ഉണ്ണിക്കൃഷ്ണൻ ഉറപ്പുനൽകി. ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി അഡ്വ. സുനിൽ ഹരീന്ദ്രൻ, എം ജി സർവ്വകലാശാല സെനറ്റംഗം എൻ എസ് സൂരജ് എന്നിവർ ഉണ്ണിക്കൃഷ്ണനൊപ്പമുണ്ടായിരുന്നു.

പ്രധാനാധ്യാപികയുടെ ചുമതലയുള്ള ടി എച്ച് സുപ്രിയ, അധ്യാപകരായ വി ആർ നാജ , അരുൺ അഗസ്റ്റിൻ, ആർ ആർ ദീപക്, നോബി കുഞ്ഞപ്പൻ എന്നിവർ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയെ സ്വീകരിച്ചു. എംഎൽഎയുടെ സന്ദർശനവിവരം അറിഞ്ഞ് ഗ്രാമപഞ്ചായത്ത് അ൦ഗ൦ ഉഷ സോമൻ, പിടിഎ പ്രസിഡന്റ് വി സി സുരേഷ്, വൈസ് പ്രസിഡന്റ് ജിൻഷ കിഷോർ, അംഗം കെ എം സജി എന്നിവരും സ്‌കൂളിലെത്തി.

Leave A Reply