സംശയങ്ങൾക്കു മറുപടി നൽകാൻ കെ റെയിൻറെ ‘ജനസമക്ഷം’

തിരുവനന്തപുരം∙ ചരടുള്ളതും ഇല്ലാത്തതുമായ വായ്പ ജൈക്ക നൽകാറുണ്ടെന്നും സിൽവർലൈൻ പദ്ധതിക്ക് ഇതിൽ ഏതുവേണമെന്നു തീരുമാനിച്ചിട്ടില്ലെന്നും കെ റെയിൽ എംഡി വി.അജിത്കുമാർ. പദ്ധതിയുടെ 30 % പർച്ചേസ് ഓർഡർ ജപ്പാനിലെ കമ്പനികൾക്കു നൽകണമെന്നതാണു ചരടുള്ള വായ്പയുടെ വ്യവസ്ഥ.

ഇത് അംഗീകരിച്ചാൽ 0.1– 0.2 % പലിശ നിരക്കിൽ വായ്പ കിട്ടും. മറിച്ചാണെങ്കിൽ 1–2 % വരെ പലിശ നൽകണം. ഓൺലൈനിൽ തൽസമയം ജനങ്ങളുടെ സംശയങ്ങൾക്കു മറുപടി നൽകാൻ കെ റെയിൽ സംഘടിപ്പിച്ച ജനസമക്ഷം പരിപാടിയിലെ ചോദ്യത്തോടായിരുന്നു എംഡിയുടെ പ്രതികരണം.

വായ്പയുടെ മുതലും പലിശയും തിരിച്ചടയ്ക്കുന്നതിൽ കേന്ദ്രസർക്കാർ ഒരു പങ്കും വഹിക്കില്ലെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് എംഡി വ്യക്തമാക്കി. പ്രവർത്തനം തുടങ്ങി 20 വർഷത്തിനകം വിദേശ വായ്പ തിരിച്ചടയ്ക്കണം. തുടർന്ന്, കേന്ദ്രവും സംസ്ഥാനവും പലിശയില്ലാതെ നൽകിയ വായ്പയും എസ്പിവി ( സ്പെഷൽ പർപ്പസ് വെഹിക്കിൾ ) തിരിച്ചടയ്ക്കണം. 50 വർഷത്തിനുശേഷം സിൽവർ ലൈൻ കേന്ദ്രത്തിനു കൈമാറുമെന്നാണു കരാർ.

സംയുക്ത സംരംഭമായതിനാൽ എസ്പിവിക്കു കഴിഞ്ഞില്ലെങ്കിൽ വിദേശ വായ്പത്തിരിച്ചടവ് കേന്ദ്രവും ഏൽക്കേണ്ടതാണ്. എന്നാൽ സിൽവർ ലൈനിന്റെ കാര്യത്തിൽ അതുണ്ടാകില്ല. എസ്പിവിക്കു കഴിഞ്ഞില്ലെങ്കിൽ സംസ്ഥാന സർക്കാർ അടയ്ക്കേണ്ടിവരും. 220 കിലോമീറ്ററാണു സിൽവർ ലൈൻ പദ്ധതിയിൽ ട്രെയിനിന്റെ വേഗമെങ്കിലും സ്റ്റേഷനുകളിൽ നിർത്തിയെടുക്കുന്നതിനുള്ള സമയം കൂടി കണക്കിലെടുക്കുമ്പോൾ ശരാശരി വേഗം 135 കിലോമീറ്ററായിരിക്കുമെന്ന് എംഡി പറഞ്ഞു.

Leave A Reply