സിൽവർലൈൻ പരിസ്ഥിതിയുടെ താളം തെറ്റിച്ചേക്കുമെന്നു പ്രഫ. മാധവ് ഗാഡ്ഗിൽ

തിരുവനന്തപുരം ∙ സിൽവർലൈൻ വേഗറെയിൽ പദ്ധതി സംസ്ഥാനത്തു പരിസ്ഥിതിയുടെ താളം തെറ്റിച്ചേക്കുമെന്നു പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രഫ. മാധവ് ഗാഡ്ഗിൽ മുന്നറിയിപ്പു നൽകി. ചതുപ്പുനിലങ്ങൾ ഉൾപ്പെടെ ആവാസവ്യവസ്ഥകളെ ഇതു ഗുരുതരമായി ബാധിക്കും.

പദ്ധതിക്കു വൻതോതിൽ കല്ലും മണലും ലോഹങ്ങളും വേണ്ടിവരും. കൂടുതൽ കരിങ്കൽ ക്വാറികൾ വരും. ഇതെക്കുറിച്ചുള്ള ആശങ്കകൾക്കുനേരെ അധികാരികൾ കണ്ണടയ്ക്കരുതെന്നും മനോരമ ഇയർബുക്ക് ഓൺലൈനിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

‘‘രാജ്യത്തെ വന്യജീവിസങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമാക്കാനുള്ള സുപ്രീം കോടതി ഉത്തരവ് തെറ്റായ വിവരങ്ങളുടെയും വികലധാരണയുടെയും ഫലമാണ്. ഇതിനു പകരം ശുദ്ധജല ആവാസവ്യവസ്ഥ പരിരക്ഷിക്കാനുള്ള നിർദേശമാണു വേണ്ടിയിരുന്നത്.

വന്യജീവിസങ്കേതം, ദേശീയോദ്യാനം, സംരക്ഷിതവനം എന്നിവയിലൂടെ ജൈവ വാസസ്ഥാനങ്ങൾ സംരക്ഷിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് സുപ്രീം കോടതി ഉത്തരവ്. വനം വകുപ്പാണ് ഇതു നടപ്പാക്കാൻ യോജിച്ച സ്ഥാപനമെന്നാണു പൊതുധാരണ. ഇതു രണ്ടും തെറ്റാണ്. വനസംരക്ഷണത്തിനു വനംവകുപ്പിന്റെയല്ല പ്രദേശവാസികളുടെ സഹകരണമാണു പ്രധാനമായി വേണ്ടത്.

Leave A Reply