കര്‍ഷകന്‍ വെടിയേറ്റ് മരിച്ച കേസ്; തോക്കുകെണി കോടതിയില്‍ ഹാജരാക്കി, പ്രതിയുടെ റിമാൻഡ് നീട്ടി

ബേക്കൽ: കാട്ടുപന്നിക്ക് വെച്ച തോക്കുകെണിയിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി കർഷകൻ മരിച്ച സംഭവത്തിൽ നിർണായക തെളിവായ ആയുധം പോലീസ് പുഴയിൽ നിന്ന് കണ്ടെടുത്ത് കോടതിയിൽ ഹാജരാക്കി. ഇന്നലെ വൈകിട്ടോടെയാണ് ഫയർഫോഴ്‌സിന്റെ സഹായത്തോടെ പോലീസ് തോക്ക്‌കെണി കരിച്ചേരി പുഴയിൽ നിന്ന് കണ്ടെടുത്തത്.

കരിച്ചേരി വെള്ളാക്കോട് കോളിക്കല്ല് സ്വദേശി എം.മാധവൻ നമ്പ്യാർ (65) തോക്കുകെണിയിൽ നിന്നും വെടിയേറ്റ് മരിച്ച കേസിൽ റിമാൻഡിലായിരുന്നു പ്രതി പനയാൽ ബട്ടത്തൂർ കരുമ്പാലക്കാലയിലെ ശ്രീഹരി(28)യെ കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങുകയും കെണി പുഴയിൽ വലിച്ചെറിഞ്ഞ ഭാഗം ഒന്നുകൂടി ഉറപ്പുവരുത്തുകയും ചെയ്തു. തുടർന്ന് കുറ്റിക്കോൽ അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ പുഴയുടെ അടിത്തട്ടിൽ നിന്ന് തോക്ക്‌കെണി കണ്ടെടുക്കുകയായിരുന്നു.

കെണി പുഴയിൽ വലിച്ചെറിഞ്ഞ കാര്യം കസ്റ്റഡിയിലെടുത്ത സമയത്ത് തന്നെ ശ്രീഹരി പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. പ്രതിയെ വീണ്ടും ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയിൽ ഹാജരാക്കി. ശ്രീഹരിയുടെ റിമാൻഡ് നീട്ടിയിട്ടുണ്ട്.

Leave A Reply