വിചാരണക്കോടതി ഇവർക്കു വിധിച്ച ജീവപര്യന്തം തടവുശിക്ഷ നടപ്പാക്കുന്നതു തടഞ്ഞു

കൊച്ചി ∙ അഭയ കേസിൽ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവർക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണക്കോടതി ഇവർക്കു വിധിച്ച ജീവപര്യന്തം തടവുശിക്ഷ നടപ്പാക്കുന്നതും തടഞ്ഞു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ തീർപ്പാക്കുന്നതു വരെയാണു ശിക്ഷ മരവിപ്പിച്ചത്.

നരഹത്യയാണെന്നും പ്രതികൾ കുറ്റക്കാരാണെന്നുമുള്ള നിഗമനത്തിൽ വിചാരണ കോടതി എത്തിയ സാഹചര്യങ്ങൾ വിലയിരുത്തിയാണു ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരുടെ ഉത്തരവ്. വിചാരണക്കോടതി വിധിച്ച ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോട്ടൂരും സെഫിയും ഹൈക്കോടതിയെ സമീപിച്ചത്.

അട്ടക്കുളങ്ങരയിലെ വനിതാ ജയിലിലായിരുന്ന സെഫി ജാമ്യത്തുകയായ 5 ലക്ഷം രൂപ കെട്ടിവച്ച് ഇന്നലെ 3 മണിയോടെ പുറത്തിറങ്ങി. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ഫാ.തോമസ് കോട്ടൂരിന്റെ മോചനം ഇന്നുണ്ടായേക്കും.

കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കോടാലിയാണെന്നു പറഞ്ഞെങ്കിലും പിന്നീട് കൈക്കോടാലി ആയെന്നും ഇവ പിടിച്ചെടുത്തില്ലെന്നും കോടതിയിൽ ഹാജരാക്കിയില്ലെന്നുമടക്കം പ്രോസിക്യൂഷൻ ആശ്രയിച്ച തെളിവുകളിലെ പൊരുത്തക്കേടുകൾ പ്രതികളുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. പ്രതിഭാഗം ചൂണ്ടിക്കാട്ടിയ തെളിവുകൾ സംബന്ധിച്ചു ഫലപ്രദമായി പ്രോസിക്യൂഷനു മറുപടി നൽകാൻ കഴിഞ്ഞില്ലെന്നു പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നു ഹൈക്കോടതിയും വിലയിരുത്തി.

അഭയ ജീവനൊടുക്കിയതാണെന്ന പ്രതികളുടെ വിചിത്രമായ വിശദീകരണം അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നില്ലെന്നു കോടതി പറഞ്ഞു. ഇവ സാഹചര്യങ്ങൾ കൂട്ടിയിണക്കാനുള്ള കണ്ണിയാണ്, അതുമാത്രംകൊണ്ടു കുറ്റക്കാരാണെന്നുള്ള നിഗമനത്തിൽ എത്തിച്ചേരാനാവില്ല. നിർണായക സാക്ഷിയായ അടയ്ക്ക രാജുവിന്റെ മൊഴികളിലും കേസിന്റെ മെഡിക്കൽ രേഖകളിലും ബന്ധപ്പെട്ട വിദഗ്ദ്ധോപദേശങ്ങളിലും വൈരുധ്യമുണ്ടെന്നും കോടതി പറഞ്ഞു

Leave A Reply