മഡിയനില്‍ കൂറ്റൻ മരം കടപുഴകി വീണു; ഒഴിവായത് വൻ അപകടം

കാഞ്ഞങ്ങാട്: കാസർഗോഡ് മഡിയനിൽ കുറ്റൻ മരം കടപുഴകി റോഡിനു കുറുകെ വീണു ഒഴിവായത് വൻ ദുരന്തം. പുലർച്ചെ നാലു മണിയോടെയാണ് സംഭവം.ഇതോടെ മണിക്കൂറുകളോളം റൂട്ടിൽ ഗതാഗതതടസ്സം അനുഭവപ്പെട്ടു. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് അഗ്നിരക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എ. നസറുദ്ദീന്റെ നേതൃത്വത്തിൽ സേനാംഗങ്ങളെത്തി മരം മുറിച്ചുനീക്കി. നാല് ചെയിൻസോ ഉപയോഗിച്ച് രണ്ടു മണിക്കൂറോളം നീണ്ട പ്രയത്നത്തെ തുടർന്നാണ് മരം മുറിച്ചത്. സിവിൽ ഡിഫൻസും നാട്ടുകാരും ആംബുലൻസ് ഡ്രൈവർമാരും അഗ്നിരക്ഷാ സേനക്കൊപ്പമുണ്ടായിരുന്നു.

ക്രെയിനിന്റെ സഹായത്തോടെയാണ് കൂറ്റൻ തടിക്കഷ്ണങ്ങൾ നീക്കിയത്. സ്വകാര്യ ഗ്യാസ് പൈപ്പിടുന്നതിനായി കുഴിയെടുത്തതിനെ തുടർന്ന് വേരറ്റതിനാലാണ് മരം കടപുഴകി വീഴാൻ കാരണമെന്ന് കരുതുന്നു. വാഹന ഗതാഗതം കുറവായ സമയത്തായതിനാൽ വലിയ അപകടം ഒഴിവായി. ഹോസ്ദുർഗ് പോലീസെത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. കോട്ടച്ചേരി, മാണിക്കോത്ത് ഭാഗങ്ങളിൽനിന്ന് വാഹനങ്ങൾ വഴി തിരിച്ചുവിട്ടിരുന്നു. അഗ്നിരക്ഷാസേനയിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ കെ.വി. മനോഹരൻ, ഓഫിസർമാരായ രാജൻ തൈവളപ്പിൽ, ഇ.ടി. മുകേഷ്, എച്ച്. ഉമേഷ്, അനിൽകുമാർ, അനന്ദു, അനിലേഷ് എന്നിവർ ചേർന്ന് മരം മുറിച്ചു നീക്കി.

Leave A Reply