പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്നു കോടതി നിർദേശിച്ചു

കൊച്ചി ∙ മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ തലശ്ശേരി മട്ടന്നൂർ സ്വദേശികളായ ഫർസീൻ മജീദ്, ആർ.കെ.നവീൻ എന്നിവർക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒളിവിലുള്ള മൂന്നാം പ്രതി സുജിത്ത് നാരായണന് മുൻകൂർ ജാമ്യവും അനുവദിച്ചു. ഹർജിക്കാർ ആയുധവുമായി എത്തിയെന്നു കേസില്ലെന്നു ജസ്റ്റിസ് വിജു ഏബ്രഹാം വിലയിരുത്തി.

ഉന്നത സുരക്ഷാ മേഖലയായ വിമാനത്തിനുള്ളിലായിരുന്നു ഹർജിക്കാർ. ഇവിടെ ആയുധം കയ്യിൽവയ്ക്കാനുള്ള സാധ്യതയില്ല. സംഭവത്തിനു പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നും കേസില്ല. രാഷ്ട്രീയ പ്രതിഷേധത്തിന്റെ ഭാഗമായാണു സംഭവമെന്നാണു ഹർജിക്കാരുടെ വാദം. പ്രതികളിൽ നിന്നു വീണ്ടെടുക്കേണ്ടത് എന്തെങ്കിലുമുണ്ടെങ്കിൽ ഹർജിക്കാർ ജാമ്യത്തിലുള്ളപ്പോൾ തന്നെ ചെയ്യാമെന്നും കസ്റ്റഡി ആവശ്യമില്ലെന്നും വിലയിരുത്തിയാണു ജാമ്യം അനുവദിച്ചത്.

വിമാനത്തിനുള്ളിൽ മൂന്നു യാത്രക്കാർ തമ്മിൽ വാക്കേറ്റമുണ്ടായെന്നാണ് എയർപോർട്ട് മാനേജർ വലിയതുറ പൊലീസ് സ്റ്റേഷനിൽ ആദ്യം നൽകിയ റിപ്പോർട്ട്. തുടർന്നു നൽകിയ റിപ്പോർട്ടിലാണ് മൂന്നു യാത്രക്കാർ സീറ്റുകളിൽനിന്ന് എഴുന്നേറ്റ് മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം വിളിച്ച് പാഞ്ഞെത്തിയെന്നും ഇതു കണ്ടു മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന യാത്രക്കാരൻ ഇടപെട്ടെന്നും പറയുന്നത്.

അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്നു കോടതി നിർദേശിച്ചു. 50,000 രൂപ വീതമുള്ള ബോണ്ടിലും സമാനതുകയ്ക്കു രണ്ടുപേർ വീതമുള്ള ഉറപ്പിലുമാണു ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, ചോദ്യം ചെയ്യാനും കോടതി നടപടികളുടെ ഭാഗമായും അല്ലാതെ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുത് തുടങ്ങിയ വ്യവസ്ഥകളുമുണ്ട്.

Leave A Reply