പാചക വാതക ചോർച്ച നന്നാക്കുന്നതിനിടെ തീപിടുത്തം; ആറുപേർക്ക്​ പൊള്ളലേറ്റു

വാടാനപ്പള്ളി: തൃശൂർ ബീച്ച് ചാപ്പക്കടവിൽ പാചക വാതക സിലിണ്ടറിലെ ചോർന്ന നന്നാക്കുന്നതിനിടെ തീപടർന്ന്​ ആറുപേർക്ക്​ പൊള്ളലേറ്റു. വാടാനപ്പള്ളി ബീച്ചിൽ തറയിൽ മഹേഷ് (17), തറയിൽ മനീഷ് (25), തറയിൽ ശ്രീലത (48), തറയിൽ വള്ളിയമ്മ, പള്ളിതൊട്ടുങ്ങൽ റഹ്​മത്തലി (47) എന്നിവരടക്കം ആറുപേർക്കാണ് പൊള്ളലേറ്റത്. ഇതിൽ അഞ്ചുപേരെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം.

ശ്രീലതയുടെ വീട്ടിലെ പാചക വാതക സിലിണ്ടറിനാണ് ചോർച്ച ഉണ്ടായത്. വിവരം അറിയിച്ചതോടെ റഹ്​മത്തലി നന്നാക്കാൻ വീട്ടിലെത്തി. ഇതിനിടയിലാണ്​ ഉരസലിൽ തീ പടർന്നത്.തീ ആളി കത്തിയതോടെ സമീപത്ത് നിന്നിരുന്ന ആറുപേർക്കും പൊള്ളലേൽക്കുകയായിരുന്നു.ഇവരുടെ കൈക്കും വയറ്റത്തുമാണ് പൊള്ളലേറ്റത്. റഹ്​മത്തലിക്കാണ് കൂടുതൽ പൊള്ളൽ. സിലിണ്ടർ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ഇയാൾ. വിവരം അറിയിച്ചതോടെ വാടാനപ്പള്ളി ആക്ട്സ് പ്രവർത്തകർ പാഞ്ഞെത്തിയാണ് പൊള്ളലേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. തീ അണച്ചതിനാൽ പൊട്ടിത്തെറിയും ദുരന്തവും ഒഴിവായി.

Leave A Reply