പ്രതിയുടെ കാമുകിയെ വശീകരിക്കാൻ ശ്രമം; പത്തനംതിട്ടയിലെ ‘പൂവാലൻ’ പോലീസിന് സസ്​പെൻഷൻ

പത്തനംതിട്ട: തട്ടിപ്പുകേസിൽ പിടിയിലായ പ്രതിയുടെ കാമുകിയെ വശീകരിക്കാൻ ശ്രമിക്കുകയും പരാജയപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ സിവിൽ പോലീസ് ഓഫിസർ അഭിലാഷിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്ത കൊല്ലം സ്വദേശിയുടെ ഫോൺ പോലീസുകാരനായ അഭിലാഷ് പിടിച്ചെടുത്തിരുന്നു. പാസ്​വേഡ് ചോദിച്ച് ഫോൺ തുറന്ന അഭിലാഷ് ചിത്രങ്ങളും വിഡിയോകളും പരിശോധിപ്പോൾ യുവതിയുടെ നഗ്നചിത്രങ്ങളും വിഡിയോയും കണ്ടെത്തിയിരുന്നു. പ്രതിയുടെ കാമുകിയുടേതാണ് ഇതെന്ന് മനസിലാക്കിയ അഭിലാഷ്, യുവതിയുടെ ഫോണിലേക്ക് വിഡിയോ കാൾ ചെയ്തു. കാമുകൻ പൊലീസ് സെല്ലിൽ കിടക്കുന്നത് കാണിച്ചുകൊടുത്തു.

യുവതിയുടെ നഗ്നചിത്രങ്ങളും വിഡിയോകളും അഭിലാഷിന്റെ ഫോണിലേക്ക് മാറ്റി. പിന്നീട് അഭിലാഷിന്റെ ഫോണിൽനിന്ന് യുവതിയുടെ ഫോണിലേക്ക് ചിത്രങ്ങൾ അയച്ചുകൊടുത്തു. നേരിട്ടു കാണണമെന്ന് ആവശ്യപ്പെട്ട് യുവതിയെ അഭിലാഷ് നിരന്തരം വിളിച്ചുകൊണ്ടിരുന്നു. എന്നാൽ ഇതിനൊന്നും വഴങ്ങാതിരുന്ന യുവതിയെ ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് യുവതി ജില്ല പോലീസ് മേധാവിക്ക് പരാതി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി പി.കെ. സാബു നടത്തിയ അന്വേഷണത്തിൽ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് കണ്ടെത്തുകയും അഭിലാഷിന്റെ ഫോണിൽനിന്ന് പ്രതിയുടെ കാമുകിയുടെ നഗ്നചിത്രങ്ങൾ കണ്ടെടുക്കുകയും ചെയ്തു. ഇതേ തുടർന്ന് ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് അഭിലാഷിനെ സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പ്രതിയും പരാതി നൽകി.

Leave A Reply