മൂവാറ്റുപുഴ: ആളൊഴിഞ്ഞ റബർതോട്ടത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച വയോധികനെ രക്ഷപ്പെടുത്തി ഫയർ ഫോഴ്സ്. ആന്റണി (56) എന്നയാളെയാണ് രക്ഷപ്പെടുത്തി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് മാറാടി തൈക്കാവുംപടിക്ക് സമീപത്തെ സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ വെച്ചായിരുന്നു സംഭവം.
തോട്ടത്തിലെ കാടുകയറിയ ഭാഗത്തുനിന്ന് തീയും പുകയും ഉയരുന്നത് കണ്ട് ഓടികൂടിയവരാണ് പൊള്ളലേറ്റ നിലയിൽ ഇയാളെ കണ്ടത്. തുടർന്ന് തീയണച്ചശേഷം നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് അവരെത്തി ആന്റണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.കോഴിക്കോട് സ്വദേശിയാണെന്നും കടബാധ്യതയാണ് ആത്മഹത്യശ്രമത്തിന് കാരണമെന്നും ഇയാൾ പറഞ്ഞതായി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.