കെഎസ് ഭരതിന്റെ (70 നോട്ടൗട്ട്) സ്ഥിരതയുള്ള അർധസെഞ്ചുറി, വ്യാഴാഴ്ച ലെസ്റ്റർഷെയറിനെതിരായ പരിശീലന മത്സരത്തിന്റെ ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യയെ 246/8 എന്ന നിലയിൽ എത്തിച്ചു.
33 റൺസെടുത്ത വിരാട് കോഹ്ലിയുടെ വിക്കറ്റ് നഷ്ട്ടമായിട്ടും ഇന്ത്യയെ മികച്ച നിലയിൽ എത്തിക്കാൻ ഭരത് മികച്ച പ്രകടനം നടത്തി. 23 റൺസ് എടുത്ത ഉമേഷ് യാദവും 18 റൺസുമായി പുറത്താകാതെ മുഹമ്മദ് ഷാമിയും ഭരത്തിന് പിന്തുണ നൽകി. എന്നാൽ ഇന്നലെ മഴ എത്തിയതോടെ മത്സരം നേരത്തെ അവസാനിപ്പിച്ചു.
82 റൺസിനിടെ ആദ്യ അഞ്ച് വിക്കറ്റ് നഷ്ടമായപ്പോൾ റിസർവ് വിക്കറ്റ് കീപ്പർ ഇന്ത്യയുടെ തിരിച്ചുവരവിന് നേതൃത്വം നൽകി. 57 റൺസ് കൂട്ടുകെട്ടിൽ കോഹ്ലിക്കൊപ്പം ഭരത് ഇന്ത്യയെ നിലയുറപ്പിച്ചെങ്കിലും റോമൻ വാക്കർ മുൻ ഇന്ത്യൻ ക്യാപ്റ്റനെ എൽബിഡബ്ല്യു പുറത്താക്കിയതോടെ ഈ കൂട്ടുകെട്ട് അവസാനിച്ചു. 21-കാരനായ പേസർ ഷാർദുൽ താക്കൂറിനെ പുറത്താക്കി അഞ്ച് വിക്കറ്റ് നേട്ടം (24ന് 5) പൂർത്തിയാക്കി. എന്നിരുന്നാലും, ഇന്ത്യയുടെ ടോപ്പ് ഓർഡർ പെട്ടെന്ന് നിലംപരിശായത് ടീമിന് ആശങ്കയുണ്ടാക്കുന്നുണ്ട്. രോഹിത് ശർമ, ഹനുമ വിഹാരി, രവീന്ദ്ര ജഡേജ എന്നിവർ പെട്ടെന്ന് പുറത്തായി.