പുനരധിവാസം ഉറപ്പാക്കിയതിനു ശേഷമേ ഭൂമിയേറ്റെടുക്കൂവെന്ന് കെ-റെയിൽ

തിരുവനന്തപുരം: കേന്ദ്ര നിയമപ്രകാരമുള്ള നഷ്ടപരിഹാരം പൂർണമായി നൽകുകയും പുനരധിവാസം ഉറപ്പാക്കുകയും ചെയ്ത ശേഷമേ സിൽവർലൈൻ പദ്ധതിക്കായി ഭൂമിയേറ്റെടുക്കൂവെന്ന് കെ-റെയിൽ എം.ഡി വി.അജിത്കുമാർ.

പദ്ധതി മരവിപ്പിച്ചിട്ടില്ല. കല്ലിട്ട സ്ഥലങ്ങളിൽ സാമൂഹ്യാഘാത പഠനത്തിന് ശേഷം മറ്റിടങ്ങളിൽ ജിയോടാഗിംഗ് ഉപയോഗിച്ചുള്ള പഠനം തുടങ്ങും. രണ്ടു വർഷം കൊണ്ട് ഭൂമിയേറ്റെടുത്താൽ പദ്ധതി അഞ്ചു വർഷത്തിനകം പൂർത്തിയാക്കുമെന്നും ‘ജനസമക്ഷം സിൽവർ ലൈൻ’ എന്ന തത്സമയ സംവാദ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

സിൽവർലൈൻ ഓടിത്തുടങ്ങിയാൽ മൂന്നാം വർഷം ലാഭകരമാവും. ഇരുപത് വർഷം കൊണ്ട് വായ്പയുടെ മുതലും പലിശയും അടച്ചു തീരും. ഭൂമിയേറ്റെടുക്കലിനും മറ്റുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകിയ പലിശയില്ലാത്ത വായ്പകൾ അതിനുശേഷം തിരിച്ചടയ്ക്കാം. സിൽവർലൈനിന് കുറഞ്ഞ ചെലവിൽ സോളാർ വൈദ്യുതി വാങ്ങും.

ആധുനിക സാങ്കേതികവിദ്യ, കുറഞ്ഞ ഇന്ധന ഉപയോഗം, ഉയർന്ന വേഗത, സുരക്ഷിതത്വം എന്നിവയെല്ലാം പരിഗണിച്ചാവും ട്രെയിൻ വാങ്ങുക. ട്രെയിനുകളിൽ 360ഡിഗ്രി തിരിയുന്ന സീറ്റുകൾ, വൈഫൈ എന്നിവയുണ്ടാവും. 27സെറ്റ് ട്രെയിനുകളാണ് വേണ്ടത്.

Leave A Reply