ലിപി പരിഷ്കരണത്തിന് മുന്നോടിയായി കൈപ്പുസ്തകം ഒരുങ്ങുന്നു

തിരുവനന്തപുരം: ഔദ്യോഗിക ഭാഷാ വകുപ്പിന്റെ ലിപി പരിഷ്കരണത്തിന് മുന്നോടിയായി ആശങ്കയുള്ള പദങ്ങളുടെ ഏകീകൃത രൂപം ഉൾക്കൊള്ളിച്ച് കൈപ്പുസ്തകം ഒരുങ്ങുന്നു. പഴയ കൂട്ടക്ഷരങ്ങളെ തിരികെ കൊണ്ടുവന്നും ഉ, ഊ(ു,ൂ) എന്നിവയുടെ ചിഹ്നങ്ങളെ പുതിയ രീതിയിൽ വേർതിരിച്ചുമുള്ള സർക്കാർതല ലിപി പരിഷ്‌കരണം രണ്ടു മാസത്തിനുള്ളിൽ നടപ്പിലാകും.

ശബ്ദതാരാവലിയിൽ ഇല്ലാത്തതും എന്നാൽ, ഉപയോഗത്തിലുള്ളതുമായ പദങ്ങൾ കണ്ടെത്തി അതുകൂടി ഉൾപ്പെടുത്തി ആയിരം വാക്കുകൾ ഉള്ള കൈപ്പുസ്തകമാണ് പുറത്തിറക്കുന്നത്. ലിപി പരിഷ്കരണവും ഏകീകരിച്ച വാക്കുകളും സംബന്ധിച്ച് പൊുതജനങ്ങളെക്കൂടി ബോദ്ധ്യപ്പെടുത്താൻ വേണ്ടിയാണ് കൈപ്പുസ്തകമിറക്കാൻ തീരുമാനിച്ചത്.

ലിപി പരിഷ്കരണത്തിന്റെ തുടർച്ചയായുള്ള ഫോണ്ട് പരിഷ്കരണത്തിന്റെ ജോലികളും പുരോഗമിക്കുന്നുണ്ട്. സ്വതന്ത്ര മലയാള കംപ്യൂട്ടിംഗ് ഫോണ്ടുകളിൽ പരിഷ്‌കരണം വരുത്തി സൗജന്യമായി എല്ലാവർക്കും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കും. പരീക്ഷണാടിസ്ഥാനത്തിൽ മഞ്ജരി ഫോണ്ടിൽ ചില മാറ്റങ്ങൾ വരുത്തി മഞ്ജുള 22 എന്ന പുതിയ ഫോണ്ട് തയ്യാറാക്കിയിട്ടുണ്ട്.

നിള ഫോണ്ടിൽ മാറ്റം വരുത്തുന്ന കാര്യവും പരിഗണനയിലുണ്ട്. ഏഴ് വേരിയന്റുകൾ ഉണ്ട് എന്നതാണ് നിളയെ പരിഗണിക്കാനുള്ള കാരണം. ടൈപ്പ് ചെയ്യുമ്പോൾ ലിപി മാറുന്ന രീതിയിൽ ഫോണ്ടുകൾ പരിഷ്‌കരിച്ചാൽ മാത്രം മതി എന്നതിനാൽ കമ്പ്യൂട്ടർ കീബോർഡിലെ ടൈപ്പിംഗ് ഘടന മാറ്റേണ്ടതില്ല. ലിപി പരിഷ്കരണം പ്രാവർത്തികമാകുന്നതോടെ കൂട്ടക്ഷര ലിപികൾ 65 എണ്ണമാകും.

എഴുത്തിനും അച്ചടിക്കും ഒരേ ലിപി തന്നെ ഉപയോഗിക്കണമെന്നതാണ് ലിപി പരിഷ്‌കരണത്തിലെ പ്രധാന നിർദ്ദേശങ്ങളിലൊന്ന്. 1971നു ശേഷം ആദ്യമായാണ് മലയാളത്തിൽ ലിപി പരിഷ്‌കരണം നടക്കുന്നത്.

Leave A Reply