ജാമ്യം അനുവദിച്ചത് സാഹചര്യത്തെളിവുകൾക്ക് ബലമില്ലെന്ന് വിലയിരുത്തി

കൊച്ചി: അഭയ കൊലക്കേസിൽ പ്രതികളായ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും തിരുവനന്തപുരം സി.ബി.ഐ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ ഹൈക്കോടതി ഇരുവർക്കും ഇന്നലെ ജാമ്യം അനുവദിച്ചത് ഒമ്പത് സാഹചര്യത്തെളിവുകൾക്ക് ബലമില്ലെന്ന് വിലയിരുത്തി. കുറ്റക്കാരാണെന്ന് കണ്ടെത്താൻ സി.ബി.ഐ നിരത്തിയവയാണിവ.

വലിയ സ്വാധീനമുള്ള പ്രതികളുമായി ഒത്തുകളിച്ച് സി.ബി.ഐ കേസ് ദുർബലമാക്കിയതാണ് ജാമ്യം ലഭിക്കാൻ ഇടയാക്കിയതെന്ന അക്ഷേപം ഇതോടെ ഉയർന്നു. സി.ബി.ഐക്കുവേണ്ടി ഹാജരായ അഡി. സോളിസിറ്റർ ജനറൽ പി. സൂര്യകരൺ റെഡ്ഡിയുടെ വാദം തള്ളിയ കോടതി, പ്രതിഭാഗം ചൂണ്ടിക്കാട്ടിയ പൊരുത്തക്കേടുകൾ പ്രതിരോധിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് പ്രഥമദൃഷ്‌ട്യാ വ്യക്തമാണെന്ന് വിലയിരുത്തി.

പ്രതികൾ കുറ്റക്കാരാണെന്ന് സ്ഥാപിക്കാൻ ഇവ പര്യാപ്തമല്ലെന്നും ചൂണ്ടിക്കാട്ടി. അപ്പീൽ നിലവിലുള്ളതിനാൽ കൂടുതൽ വസ്തുതകളിലേക്ക് കടക്കുന്നില്ലെന്നും ജസ്റ്റിസ്‌മാരായ കെ. വിനോദ്ചന്ദ്രൻ, സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ഫാ. കോട്ടൂരിന് ഇരട്ട ജീവപര്യന്തം കഠിനതടവും പിഴയും സെഫിക്ക് ജീവപര്യന്തം കഠിനതടവും പിഴയുമാണ് സി.ബി.ഐ കോടതി വിധിച്ചത്. ഇതിനെതിരെയായിരുന്നു അപ്പീൽ.

Leave A Reply