കാമുകിയെ ഭീഷണിപ്പെടുത്തിയ സിവിൽ പൊലീസിന് സസ്പെൻഷൻ

പത്തനംതിട്ട: തട്ടിപ്പു കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയുടെ കാമുകിയെ ഭീഷണിപ്പെടുത്തിയ പത്തനംതിട്ട സ്റ്റേഷനിലെ സിവിൽ പൊലീസ് ഒാഫീസർ അഭിലാഷിനെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത കൊല്ലം സ്വദേശിയായ പ്രതിയുടെ ഫോൺ അഭിലാഷ് പിടിച്ചെടുത്തിരുന്നു.

പാസ് വേർഡ് ചോദിച്ച് ഫോൺ തുറന്നപ്പോൾ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോയും കണ്ടെത്തി ഇത് പ്രതിയുടെ കാമുകിയുടേതാണ് തിരിച്ചറിഞ്ഞ അഭിലാഷ് ദൃശ്യങ്ങൾ തന്റെ ഫോണിലേക്ക് മാറ്റിയ ശേഷം യുവതിയെ നേരിട്ടു കാണണമെന്ന് ആവശ്യപ്പെട്ട് നിരന്തരം വിളിച്ചു.

വഴങ്ങാതിരുന്നപ്പോൾ ഭീഷണിപ്പെടുത്തി. യുവതി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്ന് സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി പി.കെ. സാബു നടത്തിയ അന്വേഷണത്തിൽ അഭിലാഷിന്റെ ഫോണിൽ നിന്ന് നഗ്ന ദൃശ്യങ്ങൾ കണ്ടെത്തി. ഇതേത്തുടർന്നാണ് സസ്‌പെൻഷൻ. അഭിലാഷിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് പ്രതിയും പരാതി നൽകി.

Leave A Reply