വാടക ഗർഭധാരണത്തിന് തയാറാകുന്ന സ്ത്രീക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: വാടക ഗർഭധാരണത്തിന് തയാറാകുന്ന സ്ത്രീക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്ന് നിർദേശം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ വാടക ഗർഭധാരണ (സറഗസി) ചട്ടങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇത് ആവശ്യപ്പെടുന്ന ദമ്പതികൾ 36 മാസത്തെ ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നാണ് നിർദേശം.  ഗർഭകലായളവിലോ പ്രസവ ശേഷമോ സംഭവിച്ചേക്കാവുന്ന മുഴുവൻ സങ്കീർണതകളും പരിഗണിക്കുന്ന, അംഗീകൃത കമ്പനിയുടേത് ആയിരിക്കണം ഇൻഷുറൻസെന്നും ചട്ടങ്ങളിൽ പറയുന്നു.

ഗർഭപാത്രം ഇല്ലാത്ത സ്ത്രീകൾ, അസാധാരണമായ ഗർഭപാത്രമുള്ളവർ, ഗർഭധാരണം സാധ്യമല്ലാത്ത ഏതെങ്കിലും അസുഖം ഉള്ളവർ, ഗൈനക്കോളജിക്കൽ ക്യാൻസറോ മറ്റേതെങ്കിലും രോഗാവസ്ഥയോ കാരണം ഗർഭപാത്രം നീക്കിയവർ, ഗർഭധാരണം ജീവന് ഭീഷണിയാകുന്ന അവസ്ഥയിലുള്ളവർ തുടങ്ങിയവർക്ക് വാടക ഗർഭധാരണം തെരഞ്ഞെടുക്കാം.

മാത്രമല്ല, വാടക ഗർഭധാരണ ശ്രമം ഒരു സ്ത്രീയിൽ മൂന്ന് തവണയിൽ കൂടുതൽ നടത്താൻ പാടില്ലെന്നും ആരോഗ്യ മന്ത്രാലയം ഇപ്പോൾ വിജ്ഞാപനം ചെയ്ത ചട്ടം പറയുന്നു. 1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്‌ട് അനുസരിച്ച് വാടക ഗർഭധാരണം സ്വീകരിച്ച സ്ത്രീക്ക് ഗർഭച്ഛിദ്രത്തിന് അനുവാദമുണ്ട്.

വാടക ഗർഭധാരണം ആവശ്യമുള്ള ദമ്പതികൾ കലക്ടർക്കോ ജുഡീഷ്യൽ മജിസ്ട്രേട്ടിനോ മുന്നിൽ സത്യവാങ്മൂലം നൽകണം, സറഗസി ക്ലിനിക്കിൽ രജിസ്റ്റർ ചെയ്യാൻ നടപടിക്രമം പാലിക്കണം, 2 ലക്ഷം രൂപ അപേക്ഷാ ഫീസ് നൽകണം തുടങ്ങിയ വ്യവസ്ഥകളുമുണ്ട്.

 

Leave A Reply