വിമാനത്തിൽ നടന്ന പ്രതിഷേധത്തിലെ സംഘത്തിൽ നാലാമതൊരാൾ കൂടിയുണ്ടെന്ന് സി.പി.എം
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനുനേരെ വിമാനത്തിൽ നടന്ന പ്രതിഷേധത്തിലെ സംഘത്തിൽ നാലാമതൊരാൾ കൂടിയുണ്ടെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹിയാണ് ഇയാൾ.
വിമാന ടിക്കറ്റിന് ട്രാവൽ ഏജൻസിയിൽ വിളിച്ച് ഏർപ്പാടാക്കിയത് ഡി.സി.സി ഓഫിസിൽനിന്നാണ്. ഈ ടിക്കറ്റിന്റെ പണം ഇനിയും നൽകിയിട്ടില്ല. അക്രമ ഗൂഢാലോചനയിൽ ഡി.സി.സിക്കും പങ്കുണ്ട്. ഇക്കാര്യങ്ങളെല്ലാം പൊലീസ് വിശദമായി അന്വേഷിക്കണം.
പ്രതിഷേധിച്ച സംഘത്തിലെ യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവർക്ക് ഹൈകോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ചിരുന്നു. ഒളിവിലുള്ള സുനിത് നാരായണന് മുൻകൂർ ജാമ്യവും അനുവദിച്ചു. ഇതിനിടയിലാണ് ഇവർക്കുപുറമെ നാലാമതൊരാൾകൂടി സംഘത്തിലുണ്ടായിരുന്നെന്ന് ജയരാജന്റെ ആരോപണം.
ഗുണ്ടലിസ്റ്റിൽപെട്ട യൂത്ത് കോണ്ഗ്രസ് ക്രിമിനലിനെ മുഖ്യമന്ത്രിയെ അപായപ്പെടുത്താനാണ് അയച്ചതെന്നും ജയരാജൻ ആരോപിച്ചു.