കേന്ദ്രമന്ത്രിയായിരിക്കെ ആദിവാസികള്‍ക്കുവേണ്ടി താൻ മുര്മുവിനെക്കാള് പ്രവര്‍ത്തിച്ചു -യശ്വന്ത് സിന്‍ഹ
ന്യൂഡല്‍ഹി: എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപദി മുര്മുവിനെക്കാള് കേന്ദ്രമന്ത്രിയായിരുന്ന സമയത്ത് താന്‍ പട്ടികവര്‍ഗക്കാരുള്‍പ്പെടെ കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ.
മുര്‍മു ഝാര്‍ഖണ്ഡ് ഗവര്‍ണറായിരുന്നു. എന്തു നടപടിയാണ് ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി അവര്‍ സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു.
വാജ്പേയി മന്ത്രിസഭയില്‍ ധനമന്ത്രിയായപ്പോള്‍ തന്റെ ബജറ്റുകളില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്കായി മാറ്റിവെച്ച തുക പരിശോധിക്കാം.സ്വത്വമല്ല മറിച്ച് രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വിഷയം ആശയസംഹിതയാണ്. ഏത് ആശയത്തെയാണ് മുര്‍മു പ്രതിനിധാനംചെയ്യുന്നത്, ഏത് ആശയത്തെയാണ് താന്‍ പ്രതിനിധാനംചെയ്യുന്നത് എന്നതാണ് ചോദ്യമെന്നും സിന്‍ഹ വാര്‍ത്ത ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.