ഷിക്കാഗോ:ഇന്ത്യയിലെ ബിജെപി വക്താക്കളുടെ പ്രവാചക നിന്ദയ്ക്കെതിരേ യുഎസിലെ ഗ്രേറ്റര്‍ ഷിക്കാഗോയിലെ യുനൈറ്റഡ് മുസ്ലിം ഫ്രണ്ടിന്റെ നേതൃത്വത്തിൽ പ്രതിഷേധം.
മുസ്ലിംകള്‍ക്കെതിരേ നടക്കുന്ന വിവേചനരഹിതവും നിയമവിരുദ്ധവുമായ അക്രമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കാനും പ്രവാചകന് ആദരവര്പ്പിക്കാനുമാണ് തങ്ങള്‍ ഇവിടെ ഒത്തുകൂടിയതെന്ന് ഷിക്കാഗോയില്‍ നിന്നുള്ള ഫിസിഷ്യനും ഇസ്ലാമിക് സ്റ്റഡീസ് പ്രഫസറുമായ ഡോ. മുഹമ്മദ് ഖുതുബുദ്ദീന്‍ പറഞ്ഞു. ഇന്ത്യയിലെ മുസ്ലിംകളും ക്രിസ്ത്യാനികളും ദളിതരും സിഖുകാരും വിവേചനം അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പ്രവാചകന് മുഹമ്മദ് നബിക്ക് ആദരവര്‍പ്പിച്ച് വിവിധ പ്രായത്തിലും പശ്ചാത്തലത്തിലും ഉള്ള 700ലധികം ആളുകള്‍ റാലിയില്‍ പങ്കെടുത്തു. യുഎസിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലുടെ ഓഫിസിന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.