ശൈശവ വിവാഹം; ജില്ലാതലത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു

തൃശൂർ: ശൈശവ വിവാഹം തടയുന്നതിനും ഇത് സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനുമായി ജില്ലാതലത്തില്‍ ബോധവല്‍ക്കരണ പരിപാടികളും പരിശീലനങ്ങളും സംഘടിപ്പിക്കുന്നു. ജില്ലാ വനിത ശിശു വികസനം, ലേബര്‍, സമഗ്രശിക്ഷാ അഭിയാന്‍ /വിദ്യാഭ്യാസം, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി, പൊലീസ്, തദ്ദേശസ്വയംഭരണം, ട്രൈബല്‍ എന്നീ വകുപ്പുകളുമായി സംയോജിച്ചാണ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

പ്രൊഹിബിഷന്‍ ഓഫ് ചൈല്‍ഡ് മാരേജ് ആക്ട് 2006 പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി വില്ലേജ്, പഞ്ചായത്ത്, ബ്ലോക്ക്, വാര്‍ഡ്, താലൂക്ക് തലത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നതിനും ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനുമായി ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. വിവിധ വകുപ്പകളില്‍ നിന്ന് തിരഞ്ഞെടുത്ത ഓഫീസര്‍മാര്‍ക്ക് മാസ്റ്റര്‍ ട്രെയിനിംഗ് നല്‍കി ശൈശവ വിവാഹം തടയുന്നതിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയുടെ എല്ലാ ഭാഗത്തേക്കും വ്യാപിപ്പിക്കുന്നതിനും തീരുമാനമായി.

കലക്ട്രേറ്റില്‍ ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം) പരീത് കെ എസിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി മീര, ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) എം എം ജോവിന്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ പി എ മഞ്ജു, തൃശൂര്‍ (റൂറല്‍) വുമണ്‍ സെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ഐ എല്‍സി, ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഇന്‍ ചാര്‍ജ്ജ് കെ സുനില്‍കുമാര്‍, സമഗ്രശിക്ഷാ കേരള ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ എന്‍ ജെ ബിനോയ്, തൃശൂര്‍ സിറ്റി ബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഇ കെ ജയകുമാര്‍, ജില്ലാതല ഐ.സി.ഡി.എസ്. സെല്‍ പ്രോഗ്രാം ഓഫീസര്‍ കെ കെ അംബിക, വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം ജൂനിയര്‍ സൂപ്രണ്ട് എം മഹേഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave A Reply