കീടനാശിനി വിൽപന വ്യാപകം; കർശന പരിശോധനയ്ക്ക് കൃഷി ഡയറക്ടറുടെ ഉത്തരവ്

നിലമ്പൂർ: അനിയന്ത്രിതമായ കീടനാശിനി വിൽപനയ്ക്ക് തടയാൻ കർശന നിർദേശവുമായി കൃഷി ഡയറക്ടർ. മലയോര മേഖലയിൽ ഉൾെപ്പടെ വ‍്യാപകമായ അനധികൃത കള-കീടനാശിനി വിൽപന വ്യാപകമായ പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കാൻ കൃഷി ഡയറക്ടർ ഉത്തരവിറക്കിയത്. കീടനാശിനികൾ വിൽക്കുന്നതിന് പ്രത‍്യേക ലൈസൻസ് വേണം. ലൈസൻസുള്ള കടകളിൽ ഭക്ഷ‍്യവസ്തുകൾക്ക് അടുത്തല്ലാതെ പ്രത‍്യേകം റാക്കുകളിലാണ് കീടനാശിനികൾ സൂക്ഷിക്കുന്നതെന്ന് രാസവള-കീടനാശിനി ഇൻസ്പെക്ടർമാർ പരിശോധിച്ച് ഉറപ്പ് വരുത്തണം. പരിശോധന റിപ്പോർട്ട് ജൂൺ 27ന് മുമ്പ് ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ കാര‍്യാലയത്തിൽ ലഭ‍്യമാക്കണം. 18നാണ് കൃഷി ഡയറക്ടർ ഉത്തരവ് പുറത്തിറക്കിയത്.

ചിതൽ-ഉറുമ്പ് നാശിനികൾ അടക്കമുള്ള മാരകമായതും അല്ലാത്തതുമായ കീടനാശിനികൾ മിക്ക പലചരക്ക്, സ്റ്റേഷനറി കടകളിലും വിൽപന നടത്തുന്നുണ്ട്. കൃഷി ഓഫിസറുടെ കുറിപ്പില്ലാതെ കീടനാശിനി വിൽപന പാടില്ലെന്ന കൃഷി ഡയറക്ടറുടെ ഉത്തരവ് നിലനിൽക്കുമ്പോഴും മാരക കീടനാശിനികൾ കുറിപ്പില്ലാതെ നൽകുന്നുണ്ട്. റബർ ഷീറ്റ് കടകളിൽ പോലും റെഡ് കാറ്റഗറിയിൽപ്പെട്ട രാസവള കീടനാശിനികളുടെ വിൽപന നടക്കുന്നുണ്ട്. കൃഷി ഓഫിസർമാരുടെ കുറിപ്പ് നിർബന്ധമാണെന്ന നിബന്ധന എവിടെയും പാലിക്കപ്പെടുന്നില്ല.

Leave A Reply