പ്രായപൂർത്തിയാകാത്ത കുട്ടിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം; തടഞ്ഞ് ഐസിഡിഎസ് ഉദ്യോഗസ്ഥർ

കരുളായി: ബാലവിവാഹം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെത്തി വിവാഹം തടഞ്ഞു. കരുളായി ഐ.സി.ഡി.എസ് സൂപ്പർവൈസർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കാളികാവ് ഐ.സി.ഡി.എസ് ഓഫിസിലെ ഉദ്യോഗസ്ഥർ കരുളായി പഞ്ചായത്തിലെ തൊണ്ടിയിലെത്തി വിവാഹം തടഞ്ഞത്. 17കാരിയുടെ വിവാഹമാണ് ബാലവിവാഹ നിരോധന നിയമപ്രകാരം തടഞ്ഞത്. ആർഭാടപൂർവം കല്യാണം നടക്കുന്നു എന്നതിന്റെ പേരിലാണ് നടപടി.

ഉദ്യോഗസ്ഥരെത്തുമ്പോൾ ഒരുക്കമെല്ലാം പൂർത്തിയാക്കി വിവാഹച്ചടങ്ങിനുള്ള തയാറെടുപ്പിലായിരുന്നു കുടുംബം. തുടർന്ന് കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ച ഉദ്യോഗസ്ഥർ ഇതിന്റെ നിയമവശങ്ങൾ പറഞ്ഞു മനസിലാക്കുകയും ചെയ്തു. ഉടൻ കോടതിയെ സമീപിച്ച് നിയമനടപടികൾ സ്വീകരിക്കുമെന്ന് കാളികാവ് ഐ.സി.ഡി.എസ് സി.ഡി.പി സുബൈദ പറഞ്ഞു.

കരുളായി ഐ.സി.ഡി.എസ് സൂപ്പർവൈസർ സുജാത മണിയിൽ, സ്റ്റാഫ് അംഗങ്ങളായ മനു രവീന്ദ്രൻ, വിഷ്ണുവർധൻ, രജീഷ് ഗോപി എന്നിവരടങ്ങിയ സംഘമാണ് വീട്ടിലെത്തി നിയമനടപടി സ്വീകരിച്ചത്.

Leave A Reply