നെടുങ്കണ്ടം: വണ്ണപ്പുറം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായുടെ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്ക്. മുണ്ടൻമുടിയിലും നെടുങ്കണ്ടത്തുമാണ് തെരുവുനായുടെ ആക്രമണത്തിൽ സ്ത്രീകളടക്കം 12 പേർക്ക് കടിയേറ്റത്. മുണ്ടൻമുടി പ്രദേശത്ത് അഞ്ചുപേർക്കും നെടുങ്കണ്ടത്തിന് സമീപം കല്ക്കൂന്തല്, കരടിവളവ്, മഞ്ഞപ്പെട്ടി, കട്ടക്കാല എന്നിവിടങ്ങളിൽ വയോധികയടക്കം ഏഴ് പേർക്കുമാണ് കടിയേറ്റത്.
മുണ്ടൻമുടിയിൽ ചിറ്റടിയിൽ വർക്കി (69), കറുകപ്പിള്ളിൽ ലില്ലിക്കുട്ടി ജോസഫ് (70), പരിയാത്ത് ശാലിനി സന്ദീപ് (38), വലിയവീട്ടിൽ ടിൻസ് (34), കൊല്ലംപറമ്പിൽ മറിയം ചാക്കോ (92) എന്നിവരെയാണ് ബുധനാഴ്ച രാവിലെ തെരുവുനായ് കടിച്ചത്. പരിക്കേറ്റവർ തൊടുപുഴയിലെ ജില്ല ആശുപത്രിയിൽ ചികിത്സ തേടി.
നെടുങ്കണ്ടത്ത് രണ്ട് ദിവസത്തിനിടെ ഏഴുപേരെ നായ് കടിച്ചത്. രാവിലെ വീടിന് സമീപത്തെ കൃഷിയിടത്തിലേക്ക് ഇറങ്ങിയ 75കാരി രത്നമ്മയെ ആക്രമിക്കുകയായിരുന്നു. മഞ്ഞപ്പെട്ടി മേഖലയില്‍ പുലര്‍ച്ച നടക്കാനിറങ്ങിയവർക്കാണ് കടിയേറ്റത്. പരിക്കേറ്റവർ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.