കൊച്ചി: സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. കൊല്ലം നീണ്ടകര താലൂക്ക് ആശുപത്രിയിൽ നടന്ന സംഭവത്തെ തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് സ്വമേധയാ കേസെടുത്തത്. ഇത്തരം സംഭവങ്ങൾ ആരോഗ്യപ്രവർത്തകരുടെ മനോവീര്യം കെടുത്തുന്നതാണ്. ഈ രീതിയിൽ അല്ല ജനങ്ങൾ പ്രതികരിക്കേണ്ടത്. ഗൗരവതരമായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. ആശുപത്രികളിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം. ആശുപത്രികളിൽ രാത്രിസമയത്ത് പൊലീസ് സുരക്ഷയും സിസിടിവി സംവിധാനവും ഏർപ്പെടുത്തണമെന്നും കോടതി പറഞ്ഞു.
അതേസമയം നീണ്ടകര താലൂക്ക് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകരെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പ്രതികളും പിടിയിലായി. നീണ്ടകര സ്വദേശികളായ വിഷ്ണു, രതീഷ്, അഖിൽ എന്നിവരാണ് പിടിയിലായത്. മൈലക്കാട് ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. ഇന്നലെയാണ് നീണ്ടകര താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്ക് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം ഉണ്ടായത്.