പന്ത്രണ്ടു വയസുകാരിക്ക് മുൻപിൽ നഗ്നത പ്രദർശനം; യുവാവ് പോലീസ് പിടിയിൽ

മുണ്ടക്കയം: പന്ത്രണ്ടു വയസുകാരിക്ക് മുൻപിൽ നഗ്നത പ്രദർശിപ്പിച്ച യുവാവ് റിമാൻഡിൽ. പെരുവന്താനം, കൊടികുത്തി സ്വദേശി സുനീഷ് സുരേന്ദ്രനെയാണ് (34) മുണ്ടക്കയം സി.ഐ എ. ഷൈൻകുമാർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30ന് വേലനിലം ജങ്ഷന് സമീപം തൊമ്മൻ റോഡിലാണ് സംഭവം. സ്വകാര്യ മൊബൈൽ കമ്പനിയുടെ ടെക്നീഷ്യനായ ഇയാൾ സമീപത്തെ ടവറിൽ പോയശേഷം മടങ്ങുന്നതിനിടെയാണ് പെൺകുട്ടിയുടെ മുന്നിൽ മോശം പെരുമാറ്റം നടത്തിയത്.

കടയിൽ പോയി മടങ്ങുകയായിരുന്ന പെൺകുട്ടിയെ കണ്ടതോടെ ബൈക്കിൽ എത്തിയ ഇയാൾ ബൈക്കിൽ നിന്നിറങ്ങി നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു.പെൺകുട്ടി ബഹളം വച്ച് ഓടി. നിലവിളി കേട്ട് പിതൃസഹോദരൻ ഓടിയെത്തിയപ്പോഴേക്കും ഇയാൾ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.തുടർന്ന് വാഹന നമ്പർ സഹിതം മുണ്ടക്കയം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Leave A Reply