അഗ്നിപഥ് സായുധ സേനയെ ദുര്‍ബലപ്പെടുത്തുന്ന പദ്ധതി; കാര്‍ഷിക നിയമങ്ങള്‍ പോലെ ഇതും പിന്‍വലിക്കേണ്ടി വരുമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: അഗ്നിപഥ് സായുധ സേനയെ ദുര്‍ബലപ്പെടുത്തുന്ന പദ്ധതിയാണെന്നും കാര്‍ഷിക നിയമങ്ങള്‍ പോലെ ഇതും കേന്ദ്ര സര്‍ക്കാറിന് പിന്‍വലിക്കേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധി.

എ.ഐ.സി.സി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അഗ്നിപഥ് പദ്ധതിക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രവര്‍ത്തകരോടും കോണ്‍ഗ്രസ് നേതാക്കളോടും അഭ്യര്‍ത്ഥിച്ചു.

കാര്‍ഷിക ബില്ലുകള്‍ കേന്ദ്ര സര്‍ക്കാറിന് പിന്‍വലിക്കേണ്ടി വരുമെന്ന് താന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നിട്ട് കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചില്ലെയെന്നും അദ്ദേഹം ചോദിച്ചു. ഓരോ ഇന്ത്യന്‍ യുവാക്കളും ഞങ്ങളോടൊപ്പമാണ്. കാരണം സൈന്യത്തെ ദുര്‍ബലപ്പെടുത്തുന്നതിലല്ല, ശക്തിപ്പെടുത്തുന്നതിലാണ് യഥാര്‍ത്ഥ ദേശസ്‌നേഹം ഉള്ളതെന്ന് അവര്‍ക്കറിയാമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

”ഇ.ഡി ചോദ്യം ചെയ്തത് ചെറിയ കാര്യം, അത് വിടൂ, ബിജെപി സര്‍ക്കാര്‍ നമ്മുടെ സൈന്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്, അവര്‍ സ്വയം ദേശീയവാദികള്‍ എന്ന് വിളിക്കുന്നു, സേനയില്‍ പ്രവേശിക്കാന്‍ കഠിനമായി പരിശീലിക്കുന്ന നമ്മുടെ യുവാക്കളാണ് യഥാര്‍ത്ഥ ദേശ സ്‌നേഹികള്‍, യുവാക്കളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്”- രാഹുല്‍ ഗാന്ധി പറഞ്ഞു.

അഗ്നിപഥിലൂടെ സേനയിലെത്തുന്ന യുവാക്കളില്‍ വലിയൊരു വിഭാഗം നാലു വര്‍ഷത്തിന് ശേഷം പുറന്തള്ളപ്പെടും, മറുവശത്ത് ചൈനീസ് സൈന്യം ഇന്ത്യന്‍ മണ്ണില്‍ വിഹരിക്കുകയാണ്. അവര്‍ നമ്മുടെ ഭൂമി കയ്യേറി. രാജ്യം സൈനികമായി ശക്തിപ്പെടേണ്ട സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്നും യുദ്ധമുണ്ടായാല്‍ ഇത് രാജ്യത്ത് കനത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്നും രാഹുല്‍ ഗാന്ധി വിശദമാക്കി.

.

Leave A Reply