ഫ്യൂസ് ഊരാനെത്തിയ കെഎസ്ഇബി ജീവനക്കാർക്ക് മർദ്ദനം; പ്രതി പിടിയിൽ

തിരൂർ: വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ ഫ്യൂസ് ഊരാൻ എത്തിയ കെഎസ്ഇബി ജീവനക്കാരെ മർദിക്കുകയും കൊടുവാൾ വീശി ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന സംഭവത്തിൽ യുവാവ് പോലീസ് പിടിയിൽ. കാരത്തൂർ സ്വദേശി ഷാജഹാൻ (38) ആണ് തിരൂർ പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. അവസാന തീയതി കഴിഞ്ഞിട്ടും ബില്ലടയ്ക്കാത്ത കാരത്തൂർ ഭാഗത്തെ ഉപഭോക്താക്കളുടെ വീടുകളിലെ ഫ്യൂസ് ഊരുന്നതിന് എത്തിയതായിരുന്നു കെഎസ്ഇബിയിലെ ഓവർസീയറും ലൈൻമാനും.

ഷാജഹാന്റെ വീട്ടിലെ ഫ്യൂസ് ഊരാൻ എത്തിയപ്പോൾ ഇയാൾ ജീവനക്കാരെ മർദിക്കുകയായിരുന്നു.ആക്രമണത്തിൽ കൈക്ക് പരുക്കേറ്റ ലൈൻമാനും ഓവർസീയറും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവത്തിനുശേഷം വീട്ടിൽനിന്നു പോയ പ്രതിയെ നഗരത്തിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരൂർ ഇൻസ്പെക്ടർ എം.ജെ.ജിജോ, എസ്ഐ ജലീൽ കറുത്തേടത്ത്, സീനിയർ സിപിഒ കെ.കെ.ഷിജിത്ത്, സിപിഒ ഉണ്ണിക്കുട്ടൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave A Reply