കെഎസ്ആർടിസി ജീവനക്കാരുമായി ഗതാഗത മന്ത്രിയുടെ ചർച്ച മാറ്റി

തിരുവനന്തപുരം: ശമ്പള പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളിൽ കെഎസ്ആർടിസി ജീവനക്കാരുമായി ഈ മാസം 27 ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിശ്ചയിച്ചിരുന്ന യോഗം മാറ്റി. കെഎസ്ആർടിസിയിലെ സിഐടിയു യൂണിയനായ കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. യോഗത്തിന്റെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു.

കെഎസ് ആർടിസി ചീഫ് ഓഫീസിന് മുന്നിൽ ജീവനക്കാരുടെ സംയുക്ത സംഘടനകൾ നടത്തുന്ന സത്യാഗ്രഹ സമരം തുടരുകയാണ്. 27 ന് ഗതാഗത മന്ത്രി വിളിച്ച ചർച്ചയുടെ തരീരുമാനം അറിഞ്ഞ ശേഷം സമരം പിൻവലിക്കണോയെന്ന് ആലോചിക്കുമെന്നായിരുന്നു നേരത്തെ യൂണിയനുകൾ പ്രഖ്യാപിച്ചത്. ചർച്ച മാറ്റിവെച്ച സാഹചര്യത്തിൽ സമരവും തുടരും. ശമ്പള വിതരണം സംബന്ധിച്ച ഹർജി ഹൈക്കോടതി അടുത്ത മാസം വീണ്ടും പരിഗണിക്കും.

ശമ്പളം ഉറപ്പാക്കാൻ നടപടി ആവശ്യപ്പെട്ട് കെ എസ് ആർ ടി സി ജീവനക്കാർ നൽകിയ ഹർജിയിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജീവനക്കാരുടെ ശമ്പളം നൽകുന്നതിനാണ് കെ എസ് ആർ ടി സി പ്രഥമ പരിഗണന നൽകേണ്ടത്. എല്ലാമാസവും അഞ്ചിനകം ശമ്പളം കിട്ടുമെന്ന് ഉറപ്പാക്കണം. അതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന ഹൈലെവൽ കമ്മിറ്റി തീരുമാനം എടുക്കണമെന്നും ഇടക്കാല ഉത്തരവിൽ കോടതി വ്യക്തമാക്കിയിരുന്നു.

കെ എസ് ആർ ടി സിയുടെ നിലവിലെ പ്രതിസന്ധി മറികടക്കാൻ മാസം തോറും 30 കോടി കൊടുക്കുകയല്ല വേണ്ടതെന്നായിരുന്നു കോടതി പറഞ്ഞത്. നിലവിലുള്ള 3500 കോടിരൂപയുടെ ബാങ്ക്  ബാധ്യത ഏറ്റെടുക്കാൻ സർക്കാർ തീരുമാനിക്കണം. അങ്ങനെ വന്നാൽ സ്വന്തം കാലിൽ നിൽക്കാൻ കെ എസ് ആർ ടി സിക്ക് സാധിക്കുമെന്നും കോടതി പറഞ്ഞു. നിലവിൽ 192 കോടി രൂപയുടെ പ്രതിമാസ വരുമാനം കെ എസ് ആർ ടി സിക്കുണ്ട്. ഇതിൽ നിന്നും ശമ്പളത്തിനും ഡീസലിനുമുള്ള തുക കണ്ടെത്താനാകില്ലേയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ഈ മാസത്തെ വരുമാനം അടുത്ത മാസം 5 ന് മുൻപ് ശമ്പളം നൽകാൻ ഉപയോഗിക്കണമെന്നും കോടതി വ്യക്തമാക്കി.  ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ജീവനക്കാരുടെ സംഘടനകൾ സ്വാഗതം ചെയ്തിരുന്നു.

Leave A Reply