അഗ്നിപഥ്‌: രാജ്യവ്യാപക പ്രക്ഷോഭത്തിന്‌ ആഹ്വാനം ചെയ്ത് ഇടത്‌ യുവജന വിദ്യാര്‍ഥി പ്രസ്ഥാനം

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെയും തൊഴിലില്ലായ്മക്കെതിരെയും രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇടത് വിദ്യാര്‍ഥി– യുവജന പ്രസ്ഥാനങ്ങളുടെ ഡല്‍ഹിയില്‍ ചേര്‍ന്ന സംയുക്ത യോഗം ആഹ്വാനം നല്‍കി.

ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ, എഐഎസ്‌എഫ്,എഐവൈഎഫ്, ആര്‍വൈഎഫ്,എയ്സ, എഐഡിഎസ്‌ഒ, എഐഡിവൈഒ, ഐഎഎസ്പി, സിഎസ്യു തുടങ്ങി പന്ത്രണ്ട് സംഘടനകളാണ് യോഗത്തില്‍ പങ്കെടുത്തത്.

ഗൃഹസന്ദര്‍ശനമടക്കം രാജ്യമാകെ വിപുലമായ പ്രചരണം സംഘടിപ്പിക്കുമെന്നും സൈനീക റിക്രൂട്ട്മെന്റിന് തയ്യറാറെടുത്ത് വഞ്ചിക്കപ്പെട്ടവര്‍, വിമുക്ത ഭടന്മാര്‍, മറ്റ് തൊഴില്‍ തേടുന്നവര്‍ എന്നിവരെയും സമരത്തിന്റെ ഭാഗമാക്കുമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം എംപി മാധ്യമങ്ങളോട് പറഞ്ഞു.

വന്‍ വിജയമായ കര്‍ഷക സമരത്തില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് ജൂലൈ 29ന് സംയുക്ത പ്രക്ഷോഭം. അന്നേദിവസം ഡല്‍ഹി ജന്തര്‍ മന്ദിറിലും സംസ്ഥാന ജില്ലാ തലങ്ങളിലും നടക്കുന്ന സമരത്തില്‍ ആയിരങ്ങള്‍ അണിനിരക്കും. രാജ്ഭവന്‍,കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മുന്നിലാണ് സംസ്ഥാന ജില്ലതലങ്ങളില്‍ സമരം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന സമരങ്ങള്‍ക്ക് മുന്നോടിയായി സംസ്ഥാനങ്ങളിലും ജില്ലതലങ്ങളിലും ഉടന്‍ സംയുക്ത മുന്നണിക്കും രൂപം നല്‍കും.

സൈന്യത്തില്‍ കരാര്‍വല്‍ക്കരണം നടപ്പാക്കുന്നത് മറ്റ് സേനകളിലേയ്ക്ക് വ്യാപിക്കാന്‍ കാരണമാകുമെന്നും രാജ്യസുരക്ഷ പോലും അപകടത്തിലാക്കുന്നതാണെന്നും അഗ്നിപഥ് ആര്‍എസ്‌എസിന്റെ ഗുഢപദ്ധതിയാണെന്നും റഹീം പറഞ്ഞു. കൂടുതല്‍ ഇടത് സംഘടനകളെയും സംയുക്ത പ്രക്ഷോഭത്തിന്റെ ഭാഗമാക്കും.

Leave A Reply