സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ സരിത രഹസ്യമൊഴി നൽകി

തിരുവനന്തപുരം: സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ സരിത രഹസ്യമൊഴി നൽകി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്​ട്രേറ്റ് കോടതിയിലാണ് മൊഴി നൽകിയത്. സ്വപ്നയുടെ ആരോപണങ്ങൾ ഗൂഢാലോചനയാണെന്ന നിലപാട് വീണ്ടും സരിത ആവർത്തിച്ചു.

ക്രൈം നന്ദകുമാറിന്റെ ഓഫീസിലാണ് ഇതുസംബന്ധിച്ച ഗൂഢാലോചന നടന്നത്. പി.സി ജോർജ്ജ്, സരിത്ത് എന്നിവർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നും സരിത പറഞ്ഞു. കേസിന്റെ വ്യാപ്തി വളരെ വലുതാണ്. കേസിൽ സാമ്പത്തിക തിരിമറി നടന്നു. സ്വർണക്കടത്തിന് പിന്നിൽ അന്താരാഷ്ട്ര സംഘമുണ്ടെന്നും സരിത ആരോപിച്ചു.

തെളിവുകൾ അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്ക് പിന്നിൽ വൻ തിമിംഗലങ്ങളാണ്. ഇതിന് പിന്നിൽ രാഷ്ട്രീയക്കാരല്ലെന്നും സരിത പറഞ്ഞു. നേരത്തെ സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം സരിത ഉയർത്തിയിരുന്നു.

സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്ന ആരോപണം സ്വപ്ന സുരേഷ് ഉയർത്തിയതിന് പിന്നാലെയാണ് കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചത്.

Leave A Reply