ഡെങ്കിപ്പനിയടക്കമുള്ള കൊതുകുജന്യ രോഗങ്ങൾ പടരുന്നു

കൊച്ചി: നഗരത്തിൽ ഡെങ്കിപ്പനിയടക്കമുള്ള കൊതുകുജന്യ രോഗങ്ങൾ പടരുന്നു. ഇന്നലെ മാത്രം 93പേരാണ് രോഗം ബാധിച്ച് ചികിത്സ തേടിയത്. എറണാകുളം ജില്ലയിൽ 143പേർക്കാണ് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 660പേർ ലക്ഷണങ്ങളുമായി ചികിത്സ തേടി. ഇതിൽ പകുതിയിലധികം രോഗികളും കൊച്ചി കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവരാണ്. ഒരു മാസത്തിനിടെയുണ്ടായ രണ്ട് ഡെങ്കിപ്പനി മരണങ്ങളും കോർപ്പറേഷൻ പരിധിയിലാണ്.

ഈഡിസ്, ക്യൂലക്സ് കൊതുകുകൾ നഗരസഭാ പരിധിയിൽ പെരുകുന്നതായി ജില്ലാ വെക്ടർ കൺട്രോൾ വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യവിഭാഗം കൊതുക് നശീകരണമടക്കം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശം നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നഗരസഭ അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

നഗരസഭയിലെ കൊതുക് നിർമാർജന സ്ക്വാഡിന്റെ പ്രവർത്തനം കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ചുവെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. നിലവിൽ പുതിയ സ്ക്വാഡ് രൂപീകരിച്ചിട്ടില്ലെന്നും വിവരാവകാശരേഖയിൽ പറഞ്ഞിട്ടുണ്ട്. കൊതുക് നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചെറിയ കാനകൾ വൃത്തിയാക്കുന്നതിന് 25,000രൂപ വീതം അനുവദിച്ചിരുന്നതായും എന്നാൽ ഈ പ്രവർത്തനം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നതും വിവരാവകാശ രേഖയിൽ വ്യക്തമാണ്.

Leave A Reply