15 വര്‍ഷങ്ങള്‍ക്ക് മുമ്ബ് മുഖത്തടിച്ചതിന്റെ പ്രതികാരം;സുഹൃത്തിനെ വടിവാള്‍ കൊണ്ട് വെട്ടിയതായി പരാതി

 

കാസര്‍കോട്: വര്‍ഷങ്ങള്‍ക്ക് മുമ്ബ് മുഖത്തടിച്ചതിന്റെ പ്രതികാരമായി സുഹൃത്തിനെ വടിവാള്‍ കൊണ്ട് വെട്ടിയതായി പരാതി.നീലേശ്വരം വീവേഴ്സ് കോളനിയിലെ മുരളിയെ (55) സുഹൃത്തായ ദിനേശന്‍ വെട്ടിയതായാണ് പരാതി. ആക്രമണത്തില്‍ പരിക്കേറ്റ മുരളി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലാണ്.ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

വീട്ടില്‍ ഉറക്കത്തിലായിരുന്ന മുരളിയെ വീട്ടിലെത്തി ഫോണ്‍ ചെയ്ത് പുറത്തേക്ക് വരുത്തിയ ദിനേശന്‍ ഇരുകാലുകളിലും വടിവാള്‍ കൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ദിനേശനോടൊപ്പം സുനി എന്നയാളും ഉണ്ടായിരുന്നുവെന്ന് മുരളി പറഞ്ഞു. 15 വര്‍ഷം മുമ്ബ് നീയെന്റെ മുഖത്തടിച്ചത് ഓര്‍മയുണ്ടോടാ എന്ന് ദിനേശന്‍ ചോദിച്ചപ്പോള്‍, തനിക്ക് ഓര്‍മയില്ലെന്ന് പറഞ്ഞു. അപ്പോള്‍ സുനി വടിവാള്‍ നല്‍കി വെട്ടാന്‍ പറഞ്ഞതിനെ തുടര്‍ന്ന് ദിനേശന്‍ കാലുകളില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് മുരളി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മദ്യപിക്കുന്നതിനിടെ പഴയ സംഭവം ഓര്‍ത്തെടുത്ത ദിനേശനും സുനിയും മുരളിയുടെ വീട്ടിലെത്തി അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുരളിയെ ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആക്രമണത്തില്‍ കാലിന്റെ പേശികള്‍ക്ക് സാരമായി പരിക്കേറ്റിരുന്നതിനാല്‍ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി . സംഭവത്തില്‍ നീലേശ്വരം പൊലീസ് കേസെടുത്തു.

Leave A Reply