ഇടുക്കിയില്‍ വയോധികയെ അടക്കം ഏഴ് പേരെ തെരുവുനായ കടിച്ചു

ഇടുക്കി: ജില്ലയില്‍ വയോധികയെ അടക്കം ഏഴ് പേർക്ക് തെരുവുനായയുടെ കടിയേറ്റു . നെടുങ്കണ്ടത്തിനു സമീപം മഞ്ഞപ്പെട്ടി, കല്‍ക്കൂന്തല്‍, കരടിവളവ്, കട്ടക്കാല സ്വദേശികള്‍ക്കാണ് കടിയേറ്റത്.കല്‍ക്കൂന്തല്‍ സന്തോഷ് ഭവനത്തില്‍ രത്‌നമ്മ (75)ക്ക് നായയുടെ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റത്.ബുധനാഴ്‌ച പുലര്‍ച്ചെയാണ് രത്‌നമ്മക്ക് നേരെ ആക്രമണം ഉണ്ടായത്. രാവിലെ പുരയിടത്തിലേക്കിറങ്ങിയ ഇവരെ നായ കടിച്ചു കുതറുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ നിലത്ത് വീണ ഇവരെ വീണ്ടും നായ ആക്രമിച്ചു. അലറിക്കരഞ്ഞതോടെ മകനും ഭാര്യയും സമീപവാസികളും ഓടിയെത്തി. ഇതോടെ നായ ഓടി രക്ഷപെട്ടു.

രത്‌നമ്മയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച്‌ ചികില്‍സ നല്‍കിയ ശേഷം വീട്ടിലേക്ക് മടങ്ങി . ഇതേ നായ തന്നെ മഞ്ഞപ്പെട്ടിയിലെ വ്യാപാരി കല്ലറക്കല്‍ ബേബിയെയും ആക്രമിച്ചു.രാവിലെ നടക്കാനിറങ്ങിയ ബേബിയെ പിന്നിലൂടെ എത്തിയ നായ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ബേബി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. ഏഴോളം പേര്‍ക്ക് കടിയേറ്റെങ്കിലും നായയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വളര്‍ത്ത് മൃഗങ്ങള്‍ തെരുവ് നായ ആക്രമണത്തിന് ഇരയാകുമോയെന്നാണ് നാട്ടുകാരുടെ ഭയം. നെടുങ്കണ്ടം ടൗണ്‍ അടക്കമുള്ള മേഖലകളില്‍ തെരുവുനായ ശല്യം രൂക്ഷമാണ്.

Leave A Reply