ഓണവിപണി ലക്ഷ്യം; ഖാദി സർവേയ്ക്ക് തുടക്കം

കണ്ണൂർ: ഡോക്ടർമാരും നഴ്സുമാരും ഖാദി കോട്ട് ധരിക്കണമെന്ന ദേശീയ മെഡിക്കൽ മിഷൻ നിർദേശം മുൻനിർത്തി സംസ്ഥാന സർക്കാറിന് അപേക്ഷ നൽകിയതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അറിയിച്ചു. നിർദേശം കേരളത്തിൽ നടപ്പാക്കിയാൽ വലിയ വിപണിയാണ് ഖാദിക്ക് ലഭിക്കുന്നത്. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടപ്പിലാക്കുന്ന ഖാദി സർവേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ കലക്ടർ എസ് ചന്ദ്രശേഖരറിൽനിന്ന് വിവരം ശേഖരിച്ചായിരുന്നു സർവേ ഉദ്ഘാടനം. പരുക്കൻ തുണിയാണ് ഖാദിയെന്ന പരമ്പരാഗത ധാരണ മാറ്റുക, വിപണിയുടെ ആവശ്യങ്ങൾ മനസിലാക്കുക, ഖാദി നവീകരിക്കുന്നത് സംബന്ധിച്ച് പൊതുജനാഭിപ്രായമാരായുക തുടങ്ങിയവയാണ് സർവേയുടെ ലക്ഷ്യം. ഓണം ഖാദിമേളയുടെ പ്രചാരണത്തിന്റെ ഭാഗമായി സർക്കാർ, അർധസർക്കാർ, സഹകരണ മേഖല എന്നിവിടങ്ങളിലെ ജീവനക്കാരിൽനിന്നാണ് സർവേ വഴി വിവരങ്ങളാരായുക.

Leave A Reply