29ാം മൈൽ വെള്ളച്ചാട്ടത്തിന് പുതുമോടി; മാലിന്യം മറഞ്ഞിടത്ത് ഇനി ചെണ്ടുമല്ലി വസന്തം

കണ്ണൂർ: കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടിക 29ാം മൈൽ വെള്ളച്ചാട്ടം കാണാൻ ഇനി സഞ്ചാരികൾക്ക് മൂക്കുപൊത്താതെ വരാം. വെള്ളച്ചാട്ടത്തിനു സമീപം തള്ളിയ മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്തു. വിനോദസഞ്ചാരികൾക്കായി ഇവിടെയിനി ചെണ്ടുമല്ലി പൂക്കൾ വിരിയും. ജില്ലാപഞ്ചായത്തിന്റെയും കണിച്ചാർ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ചെണ്ടുമല്ലി തൈകൾ വെച്ച് പിടിപ്പിക്കുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം ഇന്ന് നടന്നു.

കണ്ണൂർ-വയനാട് റൂട്ടിലെ പ്രധാന വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് 29ാം മൈൽ വെള്ളച്ചാട്ടം. എന്നാൽ ഇവിടെ മാലിന്യം തള്ളുന്നത് പതിവായതോടെ ദുർഗന്ധം കാരണം സഞ്ചാരികൾ വരാതെയായി. ഇതോടെയാണ് പഞ്ചായത്ത് നടപടിയുമായി രംഗത്ത് വന്നത്. ‘തെളിനീരൊഴുകും നവകേരളം’ പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രദേശത്ത് നിന്നും അഞ്ച് ലോഡ് മാലിന്യം നീക്കിയത്. ഹരിത കർമസേന, വിവിധ ക്ലബുകൾ, യുവജന സംഘടനകൾ, വനംവകുപ്പ്് അധികൃതർ, എസ് പി സി കേഡറ്റുകൾ, എൻ എസ് എസ് വളിയർമാർ തുടങ്ങിയവരാണ് ശുചീകരണത്തിനായി കൈകോർത്തത്.

ഇത്തരത്തിൽ ശേഖരിച്ച മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ഇനി ഇവിടെ അഞ്ഞൂറോളം ചെണ്ടുമല്ലി തൈകളാണ് വെച്ചുപിടിപ്പിക്കുക. മാലിന്യം തള്ളുന്നതിന് തടയിടാനും സൗന്ദര്യവത്കരണത്തിന്റെയും ഭാഗമായാണ് തൈകൾ വെച്ചുപിടിപ്പിക്കുന്നത്. പരിപാലന ചുമതല പഞ്ചായത്ത് ഏറ്റെടുക്കും. ശുചീകരണത്തിന് ഒന്നര ലക്ഷം രൂപ ചെലവായതായി പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ പറഞ്ഞു.

Leave A Reply