പട്ടികജാതി കുടുംബത്തിൻ്റെ ഫണ്ട് തട്ടിയെടുത്തത് സിപിഎം പരിശോധിക്കും

പത്തനംതിട്ട: നാരങ്ങാനത്ത് സിപിഎം നേതാക്കൾ പട്ടികജാതി കുടുംബത്തിൻ്റെ ഫണ്ട് തട്ടിയെടുത്തത് പാർട്ടി പരിശോധിക്കും. ജില്ലാ സെക്രട്ടറിയുടെയും സംസ്ഥാന കമ്മിറ്റി അംഗത്തിൻ്റേയും സാന്നിധ്യത്തിൽ യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യാനാണ് ഏരിയ കമ്മിറ്റി തീരുമാനം. അതേസമയം പഞ്ചായത്ത് മെമ്പ‍ര്‍മാരായ സിപിഎം നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസും യുവമോർച്ചയും പട്ടികജാതി കമ്മീഷന് പരാതി നൽകി.
നാരങ്ങാനം സ്വദേശി സരസമ്മയ്ക്ക് വീട് പുനരുദ്ധാരണത്തിന് അനുവദിച്ച പണവും വിവിധ ആളുകൾ നൽകിയ സഹായവും പഞ്ചായത്ത് അംഗങ്ങളായ അബിത ഭായിയും ബെന്നി ദേവസ്യയും ചേർന്ന് തട്ടിയെടുത്തെന്നായിരുന്നു പരാതി.

കഴിഞ്ഞ ദിവസം ചേർന്ന പത്തനംതിട്ട ഏരിയ കമ്മിറ്റിയിൽ വിഷയം അവതരിപ്പിച്ചെങ്കിലും ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെയും സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമിന്റെയും സാന്നിധ്യത്തിൽ ചർച്ചചെയ്താൽ മതിയെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. നാരങ്ങാനം ലോക്കൽ കമ്മിറ്റി യോഗത്തിൽ ആരോപണ വിധേയരായ പഞ്ചായത്ത് മെന്പർമാർക്കെതിരെ രൂക്ഷ വിമർശനമാണ് ഉണ്ടായത്. ലോക്കൽ കമ്മിറ്റി യോഗത്തിൽ പണം പിരിച്ചെന്നും 24000 രൂപ കൈയിൽ ബാക്കിയുണ്ടെന്നും അബിതാ ഭായി സമ്മതിച്ചു.

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഫണ്ട് പിരിവ് നടന്നിട്ടില്ലെന്യരുന്നു സ്വാഗതസംഘം ചെയർമാൻ കൂടിയായ സിപിഎം ജില്ലാ സെക്രട്ടറി മുന്പ് പറഞ്ഞിരുന്നത്. അതിന് വിപരീതമായുള്ള ഈ തുറന്ന് പറച്ചിലും പാ‍ർട്ടി പരിശോധിക്കും. പഞ്ചായത്ത് മെന്പർമാരുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളും കുറവർ മഹാസഭയും പ്രതിഷേധം തുടങ്ങി.

Leave A Reply