തോട്ടം തൊഴിലാളിയുടെ തിരോധാനം; ഒരുവർഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ അന്വേഷണം

മൂന്നാർ: ജോലിക്കിടെ കാണാതായ തോട്ടം തൊഴിലാളിയെക്കുറിച്ചുള്ള അന്വേഷണം ഒരുവർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല. കടലാർ ഈസ്റ്റ് ഡിവിഷനിലെ ധനശേഖറിനെയാണ് (38) കഴിഞ്ഞ വർഷം ഏപ്രിൽ 20ന് കണ്ണൻ ദേവൻ കമ്പനിയുടെ തോട്ടത്തിൽനിന്ന് ജോലിക്കിടെ കാണാതായത്.

രാവിലെ ഒമ്പത് മണിയോടെ മറ്റ് തൊഴിലാളികൾക്ക് ചായ വാങ്ങാനായി കാന്‍റീനിലേക്ക് പോയ ധനശേഖറിനെ പിന്നീട് ആരും കണ്ടിട്ടില്ല. ഏപ്രിൽ പകുതിയോടെ കമ്പനിയുടെ സ്റ്റോറിൽനിന്ന് കീടനാശിനി മോഷണം പോയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണത്തി‍െൻറ ഭാഗമായി ചില തൊഴിലാളികളെ പൊലീസ് വിളിപ്പിച്ചിരുന്നു. ധനശേഖറിനെ വിളിച്ചിരുന്ന ദിവസമാണ് കാണാതാകുന്നത്. തുടർന്ന് ആ ദിശയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.

കടുവ സാന്നിധ്യമുള്ള മേഖലയായതിനാൽ അപകടത്തിൽപെട്ടിരിക്കാമെന്ന് കരുതിയാണ് ആദ്യം അന്വേഷണം ആരംഭിച്ചത്.ധനശേഖറിനായി തോട്ടം തൊഴിലാളികളും പോലീസും ചേർന്ന് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.വന്യമൃഗങ്ങളുടെ ആക്രമണമല്ലെന്ന് പോലീസ് സ്ഥിരീകരിച്ചെങ്കിലും ഒരുവർഷം പിന്നിട്ടിട്ടും ആളെ കണ്ടെത്താൻ കഴിയാത്തത് ദുരൂഹതയായി തുടരുന്നു.

Leave A Reply