കൊല്ലം: വധശ്രമക്കേസിൽ യുവാവിന് ശിക്ഷ വീതിച്ച് കൊല്ലം-അഞ്ച് അഡീഷനൽ സെഷൻസ് കോടതി. നാലു വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. 2017 ഫെബ്രുവരി 10ന് മുൻവൈരാഗ്യത്തിൻറെ പേരിൽ ഐശ്വര്യാനഗറിൽ ഹരീഷ് ഭവനിൽ രാധാകൃഷ്ണൻ എന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസികൂടിയായ പ്രതി കുഴിയംതെക്ക് രഞ്ജിത്ത് ഭവനിൽ രഞ്ജിത്തിനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്.
അഡീഷനൽ സെഷൻസ് ജഡ്ജി പ്രസന്ന ഗോപനാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാലു മാസം കൂടി തടവും പിഴ അടച്ചാൽ തുക പരിക്കേറ്റ രാധാകൃഷ്ണന് നൽകാനും ഉത്തരവിൽ പറയുന്നു. കുണ്ടറ എസ്.ഐ ആയിരുന്ന എം.വി. അരുൺദേവ് രജിസ്റ്റർ ചെയ്ത കേസിൽ കുണ്ടറ ഇൻസ്പെക്ടർ ആയിരുന്ന ജയകൃഷ്ണനാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.