യുവാക്കളും , വനിതകളും തഴയപ്പെട്ടു , ബിന്ദു കൃഷ്ണ, ദീപ്തി മേരി വര്‍ഗസ്, ആലിപ്പറ്റ ജമീല പട്ടികയിലുള്ളത്
തെരഞ്ഞെടുപ്പ് നടത്താതെ സമവായത്തിൽ തീരുമാനിച്ച കെ.പി.സി.സി അംഗങ്ങളുടെ പട്ടിക റിട്ടേണിങ് ഓഫീസര്‍ തിരിച്ചയച്ചത് സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായി. നേതാക്കള്‍ മാത്രം കൂടിയാലോചിച്ച് തയാറാക്കിയ പട്ടികയ്ക്കെതിരെ പരാതി പ്രളയമായതോടെയാണ് വരണാധികാരിയായ ജി. പരമേശ്വര പട്ടിക തിരിച്ചയച്ചത്.
എന്നാല്‍ 24 മണിക്കൂറിനകം പട്ടിക വേണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ഒഴിവുകള്‍ മാത്രം നികത്തിയുള്ള പട്ടിക കൈമാറിയതെന്നും പരാതികളുയര്‍ന്ന സാഹചര്യത്തില്‍ അത് തിരിച്ച് വാങ്ങുകയായിരുന്നുവെന്നുമാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത് .
രാജസ്ഥാനില്‍ നടന്ന ചിന്തന്‍ ശിബിരത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളൊന്നും പാലിക്കാതെയുള്ള പട്ടികയാണ് കേരള നേതൃത്വം ഹൈക്കമാന്‍ഡിന് കൈമാറിയതെന്ന് ടി.എന്‍. പ്രതാപന് എം.പി അടക്കമുള്ളവര്‍ ഹൈക്കമാന്‍ഡിനോടു പരാതിപ്പെട്ടു.
280 അംഗ പട്ടികയില്‍ യുവാക്കൾ , വനിതകള്‍, പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ എന്നിവര്‍ക്കൊന്നും മതിയായ പ്രാതിനിധ്യമില്ല. അഞ്ച് വര്‍ഷം കഴിഞ്ഞും ഭാരവാഹിയായി തുടരുന്നത് ഒഴിവാക്കണമെന്നതുൾപ്പെടെയുള്ള തീരുമാനങ്ങള്‍ ചിന്താണ് ശിബിരത്തിലെടുത്തിരുന്നു .
ഗ്രൂപ്പ് നേതൃത്വങ്ങളുമായുണ്ടാക്കിയ ധാരണപ്രകാരം അംഗങ്ങളായി നിലനിറുത്തിയവരില്‍ ചിലരെല്ലാം പാര്‍ട്ടിയില്‍ സജീവമല്ലെന്നും നേരത്തേ പാര്‍ട്ടി അച്ചടക്കം ലംഘിച്ചവരും തുടരുകയാണെന്നുമുള്ള പരാതികളും ഹൈക്കമാന്‍ഡിന് ലഭിച്ചിട്ടുണ്ട് .
തിരുത്ത് നിര്‍ദ്ദേശിച്ച് പട്ടിക സംസ്ഥാന നേതൃത്വത്തിന് തന്നെ മടക്കുകയായിരുന്നു. പരാതികളുണ്ടെങ്കില്‍ തിരുത്തി നല്‍കാമെന്ന് സംസ്ഥാന നേതാക്കളും വ്യക്തമാക്കി. ഒരു നിയോജകമണ്ഡലത്തില്‍ നിന്ന് രണ്ട് എന്ന കണക്കില്‍ 280 കെ.പി.സി.സി അംഗ പട്ടികയാണ് സംസ്ഥാനത്തെ ഉന്നത നേതാക്കള്‍ കൂടിയാലോചിച്ച് ധാരണയിലെത്തി കൈമാറിയത്.
പിന്നാലെ പരാതികളുമുയര്‍ന്നു. പുതിയ നേതൃത്വവുമായി ഗ്രൂപ്പ് നേതാക്കള്‍ സന്ധി ചെയ്തുവെന്ന ആക്ഷേപമാണ് പലരുമുയര്ത്തിയത്. നിലവിലുണ്ടായിരുന്ന പട്ടികയില്‍ നിന്ന് മരിച്ചവര്‍, പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയവര്‍, നടപടി നേരിട്ടവര്‍ എന്നിവരെ മാത്രമാണ് ഒഴിവാക്കിയത്.
പകരമായി 46 പേരെ ഉള്‍പ്പെടുത്തി. ഇവരില്‍ ഭൂരിഭാഗം പേരും 50 വയസില്‍ താഴെയുള്ളവരാണെന്നാണ് നേതൃത്വം അറിയിച്ചത്. ബിന്ദു കൃഷ്ണ, ദീപ്തി മേരി വര്‍ഗസ്, ആലിപ്പറ്റ ജമീല എന്നിവര്‍ മാത്രമാണ് വനിതകളായി പട്ടികയിലുള്ളത്.
Video Link