വിമാനങ്ങൾക്ക് പക്ഷിക്കൂട്ടം ഗുരുതര ഭീഷണി

തിരുവനന്തപുരം: പക്ഷിയിടി സാദ്ധ്യത ഏറ്റവുമധികമുള്ള വിമാനത്താവളങ്ങളിലൊന്നാണ് തിരുവനന്തപുരമെന്നും വിമാനങ്ങൾക്ക് പക്ഷിക്കൂട്ടം ഗുരുതര ഭീഷണിയാണെന്നും എയർപോർട്ട് അതോറിട്ടിയുടെ മുന്നറിയിപ്പ്. വിമാനങ്ങളെത്തുമ്പോൾ വെടിശബ്ദം പുറപ്പെടുവിച്ച് പക്ഷികളെ തുരത്താൻ ‘ബേർഡ് ചേസേഴ്സ് ” എന്ന പേരിൽ കരാറുകാരുണ്ട്.

വർഷങ്ങളായി ഈ വെടിശബ്ദം കേട്ട് പക്ഷികൾക്ക് ഭയമില്ലാതായെന്നും അനധികൃത അറവുശാലകളും സമീപപ്രദേശങ്ങളിലെ അറവുമാലിന്യ ശേഖരവും നിയന്ത്രിച്ചില്ലെങ്കിൽ ദുരന്തമുണ്ടാവുമെന്നുമാണ് മുന്നറിയിപ്പ്. ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ അദ്ധ്യക്ഷനായ എയർപോർട്ട് എൻവയൺമെന്റൽ കമ്മിറ്റിയുടെ കഴിഞ്ഞ യോഗത്തിലാണ് അതോറിട്ടി ഉന്നത ഉദ്യോഗസ്ഥൻ ഈ മുന്നറിയിപ്പ് നൽകിയത്.

പക്ഷിയിടിച്ചാൽ അപകടസാദ്ധ്യതയേറെയാണ്. വിമാനയാത്രക്കാർക്ക് മാത്രമല്ല, ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ താമസക്കാർക്കും ഇത് അപകടമുണ്ടാക്കുന്നതാണ്. രാജ്യത്ത് പല വിമാനത്താവളങ്ങളിലും പക്ഷിക്കൂട്ടത്തെ കാണാറുണ്ടെങ്കിലും ഏറ്റവും സാന്ദ്രതയേറിയത് ഇവിടെയാണെന്നും ഉദ്യോഗസ്ഥൻ പറയുന്നു. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിനടുത്തെ മാലിന്യക്കൂമ്പാരം ഉടൻ മാറ്റണമെന്ന് അദാനിഗ്രൂപ്പ് സർക്കാരിന് കത്തുനൽകി.

Leave A Reply