കേന്ദ്ര,സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിച്ചില്ല; മുൻ മുഖ്യമന്ത്രി

തിരുവനന്തപുരം: ലക്ഷക്കണക്കിന് പ്രവാസികൾ കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ട് മടങ്ങിയെങ്കിലും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അവരെ സംരക്ഷിക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രസ്താവനയിൽ പറഞ്ഞു. പ്രവാസി ക്ഷേമത്തിനായി പുതിയ പദ്ധതികൾ നടപ്പാക്കാനോ ,യു.ഡി.എഫ് തുടങ്ങിവച്ച പുനരധിവാസം പോലുള്ളവ തുടരാനോ പിണറായി സർക്കാരിന് കഴിഞ്ഞില്ല.

ചെയ്ത കാര്യങ്ങളെപ്പറ്റി ഒന്നും പറയാനില്ലാത്തതു കൊണ്ടാണ് ഇൻഷ്വറൻസ് പോലെ ചില പുതിയ പദ്ധതികൾ പരിഗണനയിലാണെന്ന് മുഖ്യമന്ത്രിക്ക് പറയേണ്ടി വന്നത് നിതാഖത്ത് മൂലം മടങ്ങേണ്ടി വന്ന പ്രവാസികൾക്കായി സമഗ്രമായ പുനരധിവാസ പദ്ധതിയാണ് യു.ഡി.എഫ് സർക്കാർ 2014ൽ നടപ്പിലാക്കിയത്. മടങ്ങിവന്ന പ്രവാസികൾക്ക് ‘സാന്ത്വനം’ പദ്ധതിയിലൂടെ പെൺമക്കളുടെ വിവാഹത്തിന് സാമ്പത്തിക സഹായം, ചികിത്സാ സഹായം, മരണാനന്തര സഹായം തുടങ്ങിയവ ഏർപ്പെടുത്തി.

‘ചെയർമാൻ ഫണ്ട്’ പദ്ധതി മുഖേന ആനുകൂല്യങ്ങളും മരിച്ചവരുടെ ശരീരം നാട്ടിലെത്തിക്കാൻ സാമ്പത്തിക സഹായവും നൽകിയിരുന്നു. മടങ്ങിവരാനാഗ്രഹിക്കുന്നവർക്ക് ‘സ്വപ്നസാഫല്യം’ പദ്ധതിയിലൂടെ സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കി. തിരിച്ചെത്തിയവർക്ക് നൈപുണ്യ പരിശീലന പദ്ധതിയും നടപ്പാക്കി. ഇറാക്കിലും ലിബിയയിലും യുദ്ധമുണ്ടായപ്പോൾ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ കേരളം നടത്തിയ ഇടപെടലാണ് മലയാളി നേഴ്സുമാരടക്കമുള്ള പ്രവാസികളെ സുരക്ഷിതരായി നാട്ടിലെത്തിച്ചത്. യു.ഡി.എഫ്. സംഘടിപ്പിച്ച ഗ്ലോബൽ എൻ.ആർ.കെ മീറ്റിൽ താല്പര്യമുള്ള എല്ലാവർക്കും നിയന്ത്രണങ്ങളില്ലാതെ പങ്കെടുക്കാനവസരമുണ്ടായിരുന്നു.

Leave A Reply