ഓര്‍ഗാനിക് തിയറ്റര്‍ പദ്ധതിക്ക് കൈതാരം പൊക്കാളി പാടശേഖരത്തിൽ തുടക്കമായി

പറവൂര്‍: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പറവൂര്‍ ബ്ലോക്കുതല ഉദ്ഘാടനം നടന്നു.കാര്‍ഷിക സാംസ്കാരിക നവോത്ഥാനത്തിന്റെ ഭാഗമായി ഓര്‍ഗാനിക് തിയറ്റര്‍ പദ്ധതിക്ക് കൈതാരം പൊക്കാളി പാടശേഖരത്തിലാണ് തുടക്കം കുറിച്ചത്.പദ്ധതിയുടെ പറവൂര്‍ ബ്ലോക്കുതല ചടങ്ങ് കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരം പൊക്കാളി പാടശേഖരത്തില്‍ കൂനമ്മാവ് സെന്‍റ് ജോസഫ് ബോയ്സ് ഹോസ്റ്റലിലെ കുട്ടികള്‍ കൃഷി ചെയ്യുന്ന 25 ഏക്കര്‍ കൃഷിയിടത്തില്‍ പൊക്കാളി വിത്തുവിതച്ച്‌ നടി കുളപ്പുള്ളി ലീല ഉദ്ഘാടനം ചെയ്തു.

വിവ കള്‍ചറല്‍ ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍റെ ഓര്‍ഗാനിക് തിയറ്ററും ആരംഭിച്ചു. കാര്‍ഷിക സാംസ്കാരിക നവോത്ഥാനത്തിന് തുടക്കമിട്ട് ഓര്‍ഗാനിക് തിയറ്ററില്‍ കടമ്ബനാട്ടം എന്ന നാടക അവതരണവും നടന്നു. ഓര്‍ഗാനിക് തിയറ്ററിന്റെ ആശയവും രൂപകല്‍പനയും സംവിധാനവും എസ്.എന്‍. സുധീറാണ് ചെയ്തത് . ഒരേ സമയം ജൈവകൃഷിയുടെയും ജൈവ നാടകത്തിന്‍റെയും വിത്തുകള്‍ ഒരുമിച്ചു പാകുകയും അവയെ നട്ടുനനച്ച്‌ കീടങ്ങളകറ്റി പരിപാലിച്ച്‌ പാകമാക്കി വിളവെടുപ്പിന് കാലമാകുമ്ബോള്‍ ജൈവകലയായ നാടകത്തിന്റെ വിത്തും മുളക്കുന്നതാണ് ഓര്‍ഗാനിക് തിയറ്റര്‍. കൃഷിയിടവും കാര്‍ഷികോപകരണങ്ങളും ഒക്കെ കഥാപാത്രങ്ങളാകുന്ന ഓര്‍ഗാനിക് തിയറ്റര്‍ വിഷരഹിത കാര്‍ഷിക സ്വാശ്രയത്വത്തിന് ഒരു ഗ്രാമത്തിനെ കലയിലൂടെ ഒരുക്കിയെടുക്കുകയാണ്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സിംന സന്തോഷ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ രാജി ജോസ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എസ്. സനീഷ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഷാരോണ്‍ പനക്കല്‍, എ.എസ്. അനില്‍കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. ഷാജി, ദിവ്യ ഉണ്ണികൃഷ്ണന്‍, കെ.ഡി. വിന്‍സെന്‍റ്, വൈസ് പ്രസിഡന്റുമാരായ അനിജ വിജു, പി.പി. അരൂഷ്, ജില്ല പഞ്ചായത്ത് സെക്രട്ടറി ടിമ്ബിള്‍ മാഗി, കൃഷി ഡെപ്യൂട്ടി ഡയറക്റടര്‍ അനിത കുമാരി, ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസര്‍ പ്രതീക്ഷ, കൂനമ്മാവ് സെന്‍റ് ജോസഫ് ബോയ്സ് ഹോം ഡയറക്ടര്‍ ഫാ. സംഗീത് ജോസഫ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എ.ഡി.എ ജോണ്‍ ഷെറി, പറവൂര്‍ എ.ഡി.എ ജയ മരിയ, കോട്ടുവള്ളി കൃഷി ഓഫിസര്‍ കെ.സി. റൈഹാന, എസ്.കെ. ഷിനു എന്നിവര്‍ സംസാരിച്ചു.

Leave A Reply