പെരുനാട് പഞ്ചായത്തിന് ജല്‍ജീവന്‍ മിഷനിലൂടെ 26 കോടി

റാന്നി; പത്തനംതിട്ട റാന്നി പെരുനാട് പഞ്ചായത്തിലെ എല്ലാ ഭാഗങ്ങളിലും കുടിവെള്ളം എത്തിക്കാന്‍ ജല്‍ജീവന്‍ മിഷനിലൂടെ 26 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നു.

റാന്നി- പെരുനാട് കുടിവെള്ളപദ്ധതി, അടിച്ചിപ്പുഴ കുടിവെള്ള പദ്ധതി, നിര്‍മാണത്തിലിരിക്കുന്ന പെരുനാട് – അത്തിക്കയം മേജര്‍ കുടിവെള്ളപദ്ധതി, നിലയ്ക്കല്‍ കുടിവെള്ള പദ്ധതി എന്നിവിടങ്ങളില്‍നിന്നാണ് കുടിവെള്ളം വിവിധ വീടുകളിലെത്തിക്കുന്നത്.
കേരള വാട്ടര്‍ അതോറിറ്റി പ്രോജക്ട് ഡിവിഷന്‍ 2838 ഗാര്‍ഹിക കണക്ഷനുകളാണ് പെരുനാട് പഞ്ചായത്തില്‍ നല്‍കുക. വാട്ടര്‍ അതോറിറ്റി 1450 കണക്ഷനുകളും നല്‍കും. പെരുനാട് -അത്തിക്കയം കുടിവെള്ള പദ്ധതി നിര്‍മാണം അവസാനഘട്ടത്തിലാണ്. പുതിയ പ്ലാന്റിലേക്ക് വെള്ളം എത്തിക്കാന്‍ 150 കുതിരശക്തിയുടെ മോട്ടോര്‍ വയ്ക്കണം. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ 400 കെ വി ട്രാന്‍സ്ഫോര്‍മര്‍ ആവശ്യമുണ്ട്. കോട്ടൂപ്പാറ, മാമ്പാറ, ഇടപ്രമല , മന്ദപ്പുഴ, മുണ്ടന്‍ മല എന്നിവിടങ്ങളിലെ ടാങ്കില്‍ വെള്ളമെത്തിച്ചാണ് വിവിധഭാഗങ്ങളില്‍ ജലം വിതരണം ചെയ്യുന്നത്. നിലയ്ക്കല്‍ കുടിവെള്ള പദ്ധതിയില്‍ നിന്നാണ് തുലാപ്പള്ളി, പമ്പാവാലി, അട്ടത്തോട്, ളാഹ മേഖലകളില്‍ കുടിവെള്ളം എത്തിക്കുന്നത്. കോണ്‍ട്രാക്ടര്‍ നിര്‍മാണം ഇടയ്ക്കുവെച്ച് നിര്‍ത്തിയതിനാല്‍ ഇയാളെ ഒഴിവാക്കി എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് പുതിയ കരാര്‍ വയ്ക്കണം. അട്ടത്തോട് പട്ടികവര്‍ഗ മേഖലയില്‍ ഒന്നാം ഘട്ടത്തില്‍ തന്നെ കുടിവെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍ദേശിച്ചു. മണ്ണാറക്കുളഞ്ഞി –ചാലക്കയം ശബരിമല പാതയില്‍ നിര്‍മാണം തുടങ്ങുംമുമ്പ് റോഡുമുറിച്ച് പൈപ്പുകള്‍ സ്ഥാപിക്കണം. ബിമ്മരം കോളനിയില്‍ കുടിവെള്ളമെത്തിക്കാന്‍ പ്രത്യേക പദ്ധതി തയാറാക്കണം.

Leave A Reply